തായ് ലാന്‍റിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു

തായ് ലാന്‍റില്‍ നഖോന്‍ റച്ചസിമ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്ത സൈനികനെ സുരക്ഷാസേന പിന്നീട് വധിച്ചു. ജക്രാഫാന്ത് തോമ്മ എന്ന ജൂനിയര്‍ സൈനിക ഓഫീസറാണ് തായ് ലാന്‍റിലെ നഖോണ്‍ റച്ചസിമ നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വെടിയുതിര്‍ത്തത്. സുറാതമ്പിതകിലെ ആര്‍മി ക്യാമ്പില്‍ നിന്ന് ആയുധങ്ങളും വാഹനവും തട്ടിയെടുത്ത ശേഷമായിരുന്നു ആക്രമണം. സൈനിക കമാന്ററിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ നിറയൊഴിച്ച ശേഷം ഷോപ്പിംഗ് മാളിലെത്തിയ ജക്രാഫാന്ത് തോമ്മ അവിടെയും വെടിവയ്പ് നടത്തുകയായിരുന്നു. മാളിലേക്കുള്ള വഴിയില്‍ വെച്ചും ഇയാള്‍ വെടിയുതിര്‍ത്തു. വെടിവയ്പിനിടെ ഇയാള്‍ ആളുകള്‍ക്ക് നേരെ ഗ്യാസ് സിലിണ്ടര്‍ എറിയുകയും ചെയ്തു.

ഷോപ്പിംഗ് മാളിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ജക്രാഫാന്ത് തോമ്മയെ പിന്നീട് പൊലീസ് വധിച്ചു. സേന നൂറുകണക്കിന് പേരെ ഷോപ്പിംഗ് മാളില്‍ നിന്ന് രക്ഷപ്പെടുത്തി. വെടിവയ്പിന് മുന്‍പും ശേഷവും ജക്രാഫാന്ത് തോമ്മ ഫേസ്ബുക്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകളിട്ടിരുന്നു.
തായ് ലാന്‍റില്‍ ഇത്തരം സംഭവങ്ങളുണ്ടാകാറില്ലെന്നും ഇത് അവസാനത്തേതാണെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച പറഞ്ഞു. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണ് ജക്രാഫാന്ത് തോമ്മയെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

Story Highlights- shooting, thailand , 26 people killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top