കൂടത്തായി കൊലപാതക പരമ്പര; അവസാന കുറ്റപത്രവും സമര്‍പ്പിച്ചു

കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രവും സമര്‍പ്പിച്ചു. അന്നമ്മ തോമസ് വധക്കേസില്‍ 1073 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഡോഗ്കില്‍ എന്ന വിഷം നല്‍കിയാണ്അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. കേസില്‍ ജോളി മാത്രമാണ് പ്രതി.

2002 ഓഗസ്റ്റ് 22 നാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസ് കൊല്ലപ്പെടുന്നത്. ഡോഗ്കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ ചേര്‍ത്ത് നല്‍കി ജോളി കൊന്നു എന്നാണ് കുറ്റപത്രം. വ്യാജ വിദ്യാഭ്യാസ രേഖകളുടെ കള്ളത്തരം പൊളിയുമെന്ന് ഭയന്നും വീട്ടിലെ അധികാരം പിടിച്ചെടുക്കാനും ആയിരുന്നു കൊലയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 125 സാക്ഷികളാണ് കേസില്‍ ഉള്ളത്.

ഡോഗ്കില്‍ എന്ന വിഷം ലഭിക്കാന്‍ മൃഗഡോക്ടറുടെ കുറിപ്പടി സംഘടിപ്പിക്കുന്നതിനായി ജോളി ജില്ലാ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിച്ചത് കേസില്‍ വഴിത്തിരിവായി. 2002 ജൂലൈ 29 നാണ് ആദ്യം കൊലപാതക ശ്രമമുണ്ടായത്. അന്ന് വിഷത്തിന്റെ അളവ് കുറവായതിനാല്‍ അന്നമ്മ രക്ഷപ്പെട്ടു.

പീന്നീട് വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേ ദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മയ്ക്ക് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്നത് ജോളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ജോളിയുടെ വ്യാജ വിദ്യാഭ്യാസ രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇതോടെ കൂടത്തായ് കൊലപാതക പരമ്പരയിലെ ആറ് കേസിലും അന്വേഷണ സംഘങ്ങള്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിച്ചു.

Story Highlights: koodathai murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top