പൗരത്വ നിയമത്തിനെതിരായ സമരം: നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി കെപിസിസി ഭാരവാഹി യോഗത്തില്‍ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി കെപിസിസി ഭാരവാഹി യോഗത്തില്‍ വിമര്‍ശനം. സമരത്തിന്റെ മുന്‍പന്തിയില്‍ ഇടതു മുന്നണിയാണെന്ന പ്രതീതിയുണ്ടായെന്നും യുഡിഎഫ് അനുഭാവികള്‍ പോലും മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ വേണ്ടത്ര നേട്ടം കൈവരിക്കാന്‍ പാര്‍ട്ടിക്കോ മുന്നണിക്കോ ആയില്ലെന്നായിരുന്നു നേതൃയോഗത്തില്‍ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. സമരങ്ങളുടെ മുന്‍പന്തിയില്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയുമാണെന്ന പ്രതീതിയുണ്ടായി. സമരങ്ങളില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം ലഭിച്ചെന്ന വികാരമാണ് മലബാറിലുണ്ടായതെന്ന് അവിടെ നിന്നുള്ള പ്രതിനിധികളായ ടി സിദ്ദീഖും എന്‍ സുബ്രഹ്മണ്യനും ചൂണ്ടിക്കാട്ടി.

മനുഷ്യ മഹാ ശൃംഖല പോലെ വലിയൊരു പ്രതിഷേധമുയര്‍ത്താന്‍ ആയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത സമരത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. സമരങ്ങളില്‍ യോജിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഐഎം എന്നായിരുന്നു ചിലരുടെ വിമര്‍ശനം. വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ ചില നിലപാടുകള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നെങ്കിലും ശൂരനാട് രാജശേഖരന്‍ ചെന്നിത്തലക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തി.

ചെന്നിത്തലയുടെ പല ഇടപെടലുകളും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇരട്ട മുഖം വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സര്‍ക്കാരിനെ വെട്ടിലാക്കിയെന്നും ചെന്നിത്തലയെ അനുകൂലിച്ച് രംഗത്തെത്തിയ നേതാക്കള്‍ പറഞ്ഞു.

ബജറ്റിലെ അമിത നികുതിക്കെതിരെ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാനും ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഭാരവാഹി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈമാസം 26 ന് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തും. കോണ്‍ഗ്രസ് വാര്‍ഡുതല പുനഃസംഘടന പൂര്‍ത്തിയാക്കി ഈ മാസം 28 ന് മുമ്പ് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

Story Highlights: KPCC meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top