പൗരത്വ നിയമഭേദഗതിക്കെതിരായ സമര ആഹ്വാനം; രാഹുൽ ഈശ്വറിനെ അയ്യപ്പധര്‍മ്മ സേനയില്‍ നിന്ന് പുറത്താക്കി

പൗരത്വ നിയമഭേദഗതിക്കെതിരെ സമര ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെ അയ്യപ്പധര്‍മ്മ സേനയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ നിലപാടുകൾ സംഘടനയുടെ പേരിൽ പ്രചരിപ്പിച്ചതിനാണ് സസ്പെന്‍ഷന്‍. മലപ്പുറം ചങ്ങരംകുളത്ത് രാഹുല്‍ ഈശ്വര്‍ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നിരാഹാര സമരത്തിന് അയ്യപ്പ ധർമ്മ സേനയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അറിയിച്ചു.
തൃശൂർ മുള്ളൂർക്കരയിൽ ചേർന്ന അയ്യപ്പധർമ്മ സേന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് നടപടി. കൂട്ടായ തീരുമാനമില്ലാതെ അയ്യപ്പ ധർമ്മ സേനയുടെ പേരിൽ നിരാഹാര സമരം പ്രഖ്യാപിച്ചത് അംഗീകരിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അയ്യപ്പ ധർമ്മ സേനയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് അന്വേഷണ വിധേയമായി രാഹുലിനെ സസ്‌പെൻഡ് ചെയ്തത്. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി അഡ്വ. മനോരഞ്ജനെ അന്വേഷണ കമ്മീഷനായും നിയമിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ അയ്യപ്പ ധര്‍മ്മ സേന നിരാഹാര സമരം നടത്തുമെന്ന് രണ്ട് ദിവസം മുന്‍പ് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നീക്കം. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നത് ആണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇതേത്തുടർന്നാണ് രാഹുലിനെ സംഘടന അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Story Highlights: Rahul Easwar, Ayyappa Dharma Sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here