Advertisement

അണ്ടർ-19 ലോകകപ്പ്: ബംഗ്ലാദേശ് വിജയം ഫ്ലൂക്കല്ല; ഈ കിരീടം അവർക്ക് അർഹതപ്പെട്ടത് തന്നെ

February 10, 2020
Google News 1 minute Read

അണ്ടർ-19 ലോകകപ്പ് അവസാനിച്ചു. ബംഗ്ലാദേശ് കപ്പടിച്ചു. അതും കരുത്തരായ ഇന്ത്യയെ ആധികാരികമായി തോല്പിച്ചു. ബംഗ്ലാദേശിൻ്റെ ഈ വിജയം ഒരു ഫ്ലൂക്കാണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല, കൃത്യമായ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ബംഗ്ലാദേശ് യുവ ലോക കിരീടം ചരിത്രത്തിൽ ആദ്യമായി കൈപ്പിടിയിലൊതുക്കിയത്.

ഒരു വർഷമായി ബംഗ്ലാദേശ് ഈ ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ട്. പരിശീലകരും സപ്പോർട്ടിംഗ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ ഈ ടീമിനെ രാകിമിനുക്കി ഒരു വിന്നിംഗ് സംഘമാക്കി മാറ്റി. കളിക്കാർക്കിടയിൽ പരസ്പര ധാരണയും സിങ്കും ഉണ്ടായി. അത് അവർക്ക് വലിയ ഗുണം ചെയ്തു. ലോകകപ്പിനു മുൻപ് ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ടീം ബംഗ്ലാദേശ് ആണ്. മുപ്പതിലധികം മത്സരങ്ങൾ അവർ കളിച്ചു. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ​ഇന്ത്യയും കളിച്ചു 30ലധികം മത്സരങ്ങൾ. ഈ രണ്ട് ടീമുകൾ ഫൈനൽ കളിച്ചു എന്നത് കൂട്ടിവായിക്കണം.

ടൂർണമെൻ്റ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ബംഗ്ലാദേശ് ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. അവർ മത്സരം നടക്കുന്ന ഗ്രൗണ്ടുകൾ പരിശോധിച്ചു. പിച്ചും ബൗൺസും മനസ്സിലാക്കി. ഓരോ കളിക്കാരെയും ടീമിനെയും പഠിച്ചു. അവരുടെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കി. ഓരോ മത്സരത്തിനും കൃത്യമായ പ്ലാനുകൾ ഉണ്ടാക്കി. അത് കൃത്യമായി ഗ്രൗണ്ടിൽ നടപ്പിലാക്കി. ഇന്ത്യക്കെതിരെ നടന്ന കലാശപ്പോരിൽ അവർ എറിഞ്ഞ ആദ്യ 10 ഓവറുകൾ ചരിത്രം രേഖപ്പെടുത്തി വെക്കും. ഒപ്പം അവരുടെ ഫീൽഡിംഗും ഗംഭീരമായി. ഫീൽഡിൽ 100 ശതമാനം ആത്മാർത്ഥത.

കളിയോടുള്ള ആത്മാർത്ഥതയും വിജയത്വരയും അവരെ വേറിട്ടു നിർത്തുന്നു. ഫൈനലിൽ പരിക്ക് പറ്റി പുറത്ത് പോയിട്ടും തിരികെ വന്ന് ബാറ്റ് ചെയ്ത പർവേസ് ഹുസൈൻ അതിന്റെ ഉദാഹരണമാണ്. പുറത്തായപ്പോൾ ഡ്രസിംഗ് റൂമിലേക്കുള്ള പടി കേറാൻ അയാൾക്ക് സഹായം വേണ്ടി വന്നു.

ഒന്നോ രണ്ടോ പേരിൽ ഒതുങ്ങാതെ ഒരു ടീമായി അവർ കളിക്കുന്നു എന്നതും ബംഗ്ലാദേശിൻ്റെ ഗുണമാണ്. പല മത്സരങ്ങളിൽ പല താരങ്ങളാണ് വിജയത്തിന് അടിത്തറ പാകിയത്. ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിലുള്ള ആദ്യത്തെ ബംഗ്ലാദേശ് താരം നിൽക്കുന്നത് 15ആം സ്ഥാനത്താണ്. ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടിക എടുത്താൽ അതിൽ ആദ്യത്തെ ബംഗ്ലാദേശ് താരം ഏഴാമതാണ്. കളക്ടീവ് എഫർട്ടാണ് ബംഗ്ലാദേശിൻ്റെ ഗെയിം തന്ത്രം.

ബംഗ്ലാദേശ് ജയിക്കാനായി വന്നവരാണ്. അവർ അതിനു മാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. അത്ര ആത്മാർത്ഥതയോടെയാണ് അവർ ഈ ടൂർണമെൻ്റിനെ സമീപിച്ചത്. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് അർഹമായ കൈകളിൽ തന്നെ എത്തിയിട്ടുണ്ട്.

Story Highlights: U-19 World cup, Bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here