കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3447 പേര്‍

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 3447 പേര്‍. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണയുടെ ആശങ്കയൊഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ നിന്ന് പലരെയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 3447 പേരിൽ 3420 പേര്‍ വീടുകളിലാണ്. 27പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ ഉള്ളവരിൽ നിന്നുള്ള 380 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 33 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ലഭ്യമായതില്‍ 344 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ആശുപത്രിയില്‍ കഴിയുന്ന ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പലരെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ ഒടുവിലത്തെ പരിശോധന ഫലം നെഗറ്റീവാണെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യം കൊറോണ സ്ഥിരീകരിച്ചത് ഈ പെൺകുട്ടിക്കായിരുന്നു. ചികിത്സയിലുള്ള കുട്ടിയുടെ നാല് സാമ്പിളുകളുടെ ഫലം പുറത്ത് വന്നതില്‍ ഒടുവിലത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ഒരു സാമ്പിളിന്റെ ഫലം കൂടി നെഗറ്റീവ് ആയാല്‍ മാത്രമാകും രോഗം ഇല്ലെന്ന് സ്ഥിരീകരിക്കുക. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Story Highlights: Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top