ബിനാമി സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശിപാർശ

ബിനാമി സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശിപാർശ. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരും പേര് വയ്ക്കാതെയുള്ള ഒരു പരാതിയുമാണ് ലഭിച്ചത്.

Read Also: ‘സ്രാവുകൾക്കൊപ്പം ഉളള നീന്തൽ അത്ര സുഖകരമല്ല’ : ജേക്കബ് തോമസ്

പേര് വയ്ക്കാതെയുള്ള പരാതിയിൽ തുടർഅന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തത്. ശിപാർശ സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

സത്യൻ നരവൂർ സമർപ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്താന്‍ ശിപാർശ. ഇക്കഴിഞ്ഞ ജനുവരി 20നാണ് ക്രൈംബ്രാഞ്ച് മേധാവി ശിപാർശ സമർപ്പിച്ചത്. ഇത് സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയോട് അനുമതി ചോദിച്ചെങ്കിലും കോടതി അനുമതി നൽകിയിരുന്നില്ല.

നിലവിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിലെ മേധാവിയാണ് ജേക്കബ് തോമസ്. തരം താഴ്ത്തൽ നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സർക്കാർ ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ അഴിമതി നടത്തിയെന്ന പരാതിയിൽ നിലവിൽ ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top