പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കളെ സ്വകാര്യ ഫാമിലെത്തിച്ച് തിരുവനന്തപുരം നഗരസഭ

തർക്കത്തിൽ കുടുങ്ങി പൊരിവെയിലത്ത് പെരുവഴിയിലായ പശുക്കളെ ഒടുവിൽ സ്വകാര്യ ഫാമിലെത്തിച്ച് തിരുവനന്തപുരം നഗരസഭ തടിയൂരി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗോശാലയിലെ പശുക്കളെ ഏറ്റെടുത്ത് മാറ്റി പാർപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്. നേരത്തെ കണ്ടുവച്ച വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സ്ഥലത്തേക്ക് പശുക്കളെ മാറ്റാനായിരുന്നു തീരുമാനം. ഇതിനായി നഗരസഭ ആരോഗ്യവിഭാഗം പരിശോധന പൂർത്തിയാക്കി അനുമതി നൽകിയിരുന്നു.

രാവിലെ ആറ് മണിയോടെ പശുക്കളുമായി വാഹനം തിരിച്ചു. ഫാക്ടറി ഗേറ്റിൽ പശുക്കളുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞതോടെ പ്രശ്‌നം വഷളായി. ക്ഷീണിതരായ മിണ്ടാപ്രാണികൾ രണ്ട് മണിക്കൂറിലധികം വെയിൽ കൊണ്ട് വാഹനത്തിൽ നിൽക്കേണ്ടി വന്നു. നാട്ടുകാരിൽ ചിലർ രാഷ്ട്രീയം നോക്കി മനഃപൂർവ്വം പ്രശ്‌നമുണ്ടാക്കിയതാണെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പശുക്കളെ കുറ്റിച്ചലുള്ള സ്വകാര്യ ഫാമിലേക്ക് മാറ്റി. 35 പശുക്കൾക്കും അടിയന്തര ചികിത്സ നൽകി. കഴിക്കാൻ ആഹാരം പോലും ഇല്ലാതെ എല്ലും തോലുമായ ഗോശാലയിലെ പശുക്കളുടെ അവസ്ഥ വലിയ വിവാദമായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാൽ നൽകാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top