ഡേവിഡ് വാർണറെ എലിസ് പെറിയെക്കാൾ പൊക്കക്കാരനാക്കി ഓസ്ട്രേലിയൻ മാധ്യമം: വിവാദം

കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇക്കൊല്ലത്തെ പുരുഷ ക്രിക്കറ്ററായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും വനിതാ ക്രിക്കറ്ററായി ഓൾറൗണ്ടർ എലിസ് പെറിയും തെരഞ്ഞെടുക്കപ്പെട്ടു. അലൻ ബോർഡർ പുരസ്കാരം നേടിയ വാർണറും ബെലിൻഡ ക്ലെർക്ക് പുരസ്കാരം നേടിയ പെറിയും ചേർന്ന് പുരസ്കാര വിതരണത്തിനു ശേഷം ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഈ ചിത്രം പിന്നീട് പലരും പങ്കുവെക്കുകയും ചെയ്തു.

ഡേവിഡ് വാർണർക്ക് എലിസ് പെറിയോളം പൊക്കമില്ല. 5 അടി ആറിഞ്ചാണ് വാർണറുടെ ഉയരം. പെറിയുടെ ഉയരം ആവട്ടെ 5 അടി 8 ഇഞ്ച്. ചിത്രത്തിൽ ഈ വ്യത്യാസം കൃത്യമായി അറിയാനും സാധിച്ചിരുന്നു. എന്നാൽ, അവാർഡ് വിതരണത്തിൻ്റെ പിറ്റേന്ന് പുറത്തിറങ്ങിയ ഒരു ഓസ്ട്രേലിയൻ പത്രം വാർണറെ പെറിയെക്കാൾ ഉയരക്കാരനായി ചിത്രീകരിച്ചു. എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് പത്രം പുരസ്കാര വാർത്ത നൽകിയത്. ഇതേത്തുടർന്ന് പത്രത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. സ്ത്രീയെക്കാൾ ഉയരം പുരുഷനുണ്ടാവണമെന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ വികലമായ ചിന്ത പത്രത്തിലൂടെ കണ്ടു എന്നായിരുന്നു വിമർശനങ്ങൾ.

എന്നാൽ അത് ഗ്രാഫിക് ഡിസൈനറുടെ പിഴവാണെന്നാണ് പത്രത്തിൻ്റെ വിശദീകരണം. പെട്ടെന്ന് ചെയ്തപ്പോൾ അങ്ങനെ ആയിപ്പോയെന്നാണ് അവർ പറയുന്നത്.

പുരസ്കാരം സ്വീകരിച്ചതിനു ശേഷമുള്ള പ്രസംഗത്തിനിടെ രാജ്യാന്തര ടി-20യിൽ നിന്ന് ഉടൻ തന്നെ വിരമിക്കുമെന്ന് ഡേവിഡ് വാർണർ അറിയിച്ചിരുന്നു. തുടർച്ചയായ മത്സരങ്ങൾ മൂലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിരമിക്കൽ പരിഗണനയിലാണെന്നും വാർണർ പറഞ്ഞു.

Story Highlights: David Warner, Ellyse Perry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top