Advertisement

പേരുമാറി, പോസ്റ്റുകൾ അപ്രത്യക്ഷം; ക്യാപ്റ്റനായ താൻ പോലും ഒന്നും അറിഞ്ഞില്ലെന്ന് കോലി: ആർസിബിയുടെ മുഖം മാറുന്നു?

February 13, 2020
Google News 14 minutes Read

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എന്തൊക്കെയോ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ നീക്കം ചെയ്ത ആർസിബി പോസ്റ്റുകളും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത ആർസിബി ട്വിറ്ററിലും ചില പോസ്റ്റുകൾ നീക്കം ചെയ്തു. ഇതിനൊക്കെ പുറമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേരിലെ ബാംഗ്ലൂരും നീക്കം ചെയ്തു. ടീം നായകനായ വിരാട് കോലി ഉൾപ്പെടെ പലരും ആർസിബിയുടെ ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്.

“പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു. ക്യാപ്റ്റനെ വിവരമറിയിച്ചില്ല. എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കൂ.”- വിരാട് കോലി ട്വിറ്ററിൽ കുറിച്ചു. കോലിക്കൊപ്പം ടീം അംഗങ്ങളായ എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവരും മറ്റൊരു ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസും സംഭവത്തിൽ പ്രതികരിച്ചു.

“ആർസിബി, ഇതെന്ത് ഗൂഗ്ലിയാണ്? നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റുകളും എവിടെപ്പോയി?” എന്ന് ചഹാൽ ട്വീറ്റിലൂടെ ചോദിച്ചപ്പോൾ “നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് എന്താണ് സംഭവിച്ചത്. ഒരു സ്ട്രാറ്റജി ബ്രേക്കാണെന്ന് വിശ്വസിക്കുന്നു” എന്ന് ഡിവില്ല്യേഴ്സും കുറിച്ചു. രസകരമായ ട്വീറ്റുമായാണ് ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തിയത്.

“നിങ്ങൾ റീബ്രാൻഡ് ചെയ്യുകയാണെങ്കിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കൂ. അതേപ്പറ്റി ഞങ്ങൾക്ക് ചിലതൊക്കെ അറിയാം” എന്നായിരുന്നു ഡൽഹിയുറ്റെ ട്വീറ്റ്.


ഡൽഹി ഡയർ ഡെവിൾസ് എന്ന പേരിലായിരുന്ന ക്യാപിറ്റൽസ് രണ്ട് സീസണുകൾക്ക് മുൻപ് പേരും ലോഗോയും മാറ്റിയിരുന്നു. അങ്ങനെയാണ് അവർ ഡൽഹി ക്യാപിറ്റൽസ് എന്ന പേരു സ്വീകരിച്ചത്.

ഇതിനിടെ ടീമിൻ്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ‘പുതിയ ദശകം, പുതിയ ആർസിബി’ എന്ന് രേഖപ്പെടുത്തിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നാളെ (ഫെബ്രുവരി 14) പുതിയ വെളിപ്പെടുത്തൽ ഉണ്ടാവുമെന്നും പോസ്റ്റുകളിലൂടെ ആർസിബി അറിയിക്കുന്നു.


Story Highlights: Royal Challengers Bangalore, Virat Kohli,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here