‘ചിലരുടെയൊക്കെ ഭാഗ്യം, അവധിക്കാലം ആഘോഷിക്കാമല്ലോ’; സച്ചിന്റെ ചിത്രത്തിന് ഗാംഗുലിയുടെ കമന്റ്: വൈറൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ചിത്രത്തിന് രസകരമായ കമൻ്റുമായി മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. ഗാംഗുലിക്ക് സച്ചിൻ മറുപടി നൽകുക കൂടി ചെയ്തതോടെ സംഭവം ആരാധകർ ഏറ്റെടുത്തു. ഇൻസ്റ്റഗ്രാമിലാണ് പഴയ ഓപ്പണിംഗ് സഖ്യം വീണ്ടും ആരാധകരെ രസിപ്പിച്ചത്.
ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്ന സച്ചിൻ്റെ ചിത്രത്തിനു താഴെയായിരുന്നു ഗാംഗുലി കമൻ്റുമായി എത്തിയത്. “ചിലർക്ക് നല്ല ഭാഗ്യമുണ്ട്. അവധിക്കാലം ആഘോഷിക്കാമല്ലോ” എന്നായിരുന്നു ഗാംഗുലിയുടെ കമൻ്റ്. പിന്നാലെ സച്ചിൻ്റെ മറുപടി എത്തി. ‘ഉപകാരപ്രദമായ അവധിക്കാലം ആയിരുന്നു. ഞങ്ങൾ 10 മില്ല്യൺ രൂപ സമാഹരിച്ചു.’- സച്ചിൻ കുറിച്ചു. ഓസ്ട്രേലിയയിലെ കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റിനെപ്പറ്റിയായിരുന്നു സച്ചിൻ്റെ പരാമർശം.
അവസാനം വരെ ആവേശം നിറഞ്ഞ ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ ഒരു റണ്ണിന് പോണ്ടിംഗ് ഇലവൻ ഗിൽക്രിസ്റ്റ് ഇലവനെ പരാജയപ്പെടുത്തിയിരുന്നു. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഗിൽക്രിസ്റ്റ് ഇലവനായി ഫ്രാഞ്ചസി ക്രിക്കറ്റിൽ ഇപ്പോഴും സജീവമായ ഷെയിൻ വാട്സൺ 9 പന്തുകളിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 33 റൺസെടുത്ത് റിട്ടയർഡ് ഔട്ടായി. വാട്സണാണ് ഗിൽക്രിസ്റ്റ് ഇലവൻ്റെ ടോപ്പ് സ്കോറർ. പോണ്ടിംഗ് ഇലവനായി ബ്രെറ്റ് ലീ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 11 പന്തുകളിൽ 3 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 30 റൺസെടുത്ത ബ്രയാൻ ലാറ ആയിരുന്നു പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. നായകൻ റിക്കി പോണ്ടിംഗ് 14 പന്തുകളിൽ 4 ബൗണ്ടറി അടക്കം 26 റൺസെടുത്തു. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Story highlights: Sachin tendulkar Sourav ganguly instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here