ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കാൻ ഒരു ഇന്ത്യക്കാരനോ?; സമയത്തെ വെല്ലുന്ന വേഗതയുമായി ശ്രീനിവാസ ഗൗഡ

വേഗരാജാവ് ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? കഴിയും എന്നാണ് കർണാടകയിലെ ശ്രീനിവാസ ഗൗഡയെന്ന കാളയോട്ടക്കാരൻ തെളിയിക്കുന്നത്. അത്ഭുതവും കൗതുകവും നിറഞ്ഞ ഈ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.
ഓ! ഇങ്ങനെയുമുണ്ടോ മനുഷ്യർ!.. കാണുന്നവർ ഒന്നു അതിശയിച്ചു പോകും. കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം വെറും 13.62 സെക്കന്റാണ്. 100 മീറ്റർ പിന്നിട്ടത് 9.55 സെക്കന്റിൽ. അതും ചെളിവെള്ളത്തിലൂടെ നഗ്‌നപാദനായി. ജമൈക്കയുടെ ലോക റെക്കോർഡുകാരൻ സാക്ഷാൽ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റ് മാത്രമാണ്.
കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള എന്ന് പേരുള്ള കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ അത്ഭുതയോട്ടം . ഇതോടെ സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോൾട്ടുമായി ശ്രീനിവാസ മത്സരിച്ചാൽ എളുപ്പം ജയിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. ചെളിയിലൂടെ ഓടുന്നതിനേക്കാൾ എളുപ്പമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവർ പറയുന്നു.
മികവിന് കാരണം തന്റെ മിടുക്കന്മാരായ കാളകളാണെന്നാണ് ശ്രീനിവാസയുടെ അഭിപ്രായം. ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ. 12 കാളപ്പൂട്ട് മത്സരങ്ങളിൽ നിന്നായി 29 മെഡലുകളാണ് ഇയാൾ സ്വന്തമാക്കിയത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ശ്രീനിവാസ ഇപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്.
Story highlight: Srinivasa Gowda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here