യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; കുറ്റപത്രം സമർപ്പിച്ചു

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതികളും മുൻ എസ്എഫ്‌ഐ പ്രവർത്തകരുമായ ശിവരഞ്ജിത്തും നസീമും ഉൾപ്പടെ 19 പ്രതികളാണ് കേസിലുള്ളത്. പ്രതികൾക്കെതിരെ മറ്റ് വിദ്യാർത്ഥികളെ അഖിൽ ചന്ദ്രൻ അണിനിരത്താൻ ശ്രമിച്ചത് വിരോധത്തിന് ഇടയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ശിവരഞ്ജിത്തും, നസീമും ഉൾപ്പടെ 19 പേരാണ് പ്രതികൾ. പ്രതികൾക്കെതിരെ മറ്റു വിദ്യാർത്ഥികളെ അഖിൽ അണിനിരത്താൻ ശ്രമിച്ചത് വിരോധത്തിന് ഇടയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഖിലിന്റെ ബൈക്ക് തകർത്തതിന് പാർട്ടി പ്രതികളെ ശാസിച്ചതും പ്രകോപനമായെന്ന് കുറ്റപത്രത്തിലുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം നടന്ന് ആറുമാസത്തിനു ശേഷമാണ് കന്റോൺമെന്റ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കുറ്റപത്രം വൈകിയത് മൂലം എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിനു പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്എഫ്‌ഐ പുറത്താക്കി. പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.

Story highlight: University College Murder Attempt, chargesheet was filed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top