വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; കേന്ദ്രീയ വിദ്യാലയങ്ങളിലെ മുന്‍ ജീവനക്കാര്‍ സമരത്തിലേക്ക്

കേന്ദ്രീയ വിദ്യാലയങ്ങളിലെ മുന്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ജോലിയില്‍ നിന്ന് വിരമിച്ചിട്ടും നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു ഓള്‍ കേരള കേന്ദ്രീയ വിദ്യാലയ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊച്ചി റീജിയണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

കേന്ദ്രീയ വിദ്യാലങ്ങളിലെ മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നാണ് പരാതി. ജോലിയില്‍ നിന്ന് വിരമിച്ച പലര്‍ക്കും പെന്‍ഷന്‍ വരുമാനമാണ് ഏക ആശ്രയം. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള വേതന ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.

മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യുക, ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ കേരള കേന്ദ്രീയ വിദ്യാലയ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് ധര്‍ണ നടത്തിയത്. യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത മുന്നൂറോളം ജീവനക്കാരാണ് ധര്‍ണയില്‍ പങ്കെടുത്തത്.

ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഫണ്ട് ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ മുടങ്ങിക്കിടക്കുന്ന തുകകള്‍ ലഭിക്കാത്തതു മൂലം പലരുടെയും ജീവിതം പ്രതിസന്ധിയിലാണ്. ഇനിയും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധവുമായി മുന്നോട്ടു പോവാനാണ് തീരുമാനം.

Story Highlights: kendriya vidyalaya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top