രണ്ടാമൂഴം: തുടർനടപടികൾക്ക് സുപ്രിം കോടതി സ്റ്റേ

രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി. വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലെ തുടർനടപടികൾക്ക് സുപ്രിം കോടതി സ്റ്റേ. സംവിധായകൻ വി.എ. ശ്രീകുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നാലാഴ്ചയ്ക്കകം എം.ടി മറുപടി നൽകണമെന്നും സുപ്രിം കോടതി നിർദേശിച്ചു. എംടിയുമായുണ്ടാക്കിയ കരാറിൽ, തർക്കങ്ങൾ പരിഹരിക്കാൻ ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുൻസിഫ് കോടതിയെ സമീപിച്ചതിനെ വി.എ. ശ്രീകുമാർ ചോദ്യം ചെയ്തു. ആർബിട്രേഷൻ നിലനിൽക്കുമോയെന്ന് മുൻസിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് സംവിധായകൻ സുപ്രിം കോടതിയെ സമീപിച്ചത്.

ശ്രീകുമാർ മേനോനെതിരെ കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി വാസുദേവൻ നായർ ആദ്യം ഹർജി നൽകിയത്. ഇതേ തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടർന്നാണ് ശ്രീകുമാർ സുപ്രിം കോടതിയെ സമീപിച്ചത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാലാണ് തിരക്കഥാകൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്‌ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഈ തിരക്കഥ ഉപയോഗിക്കരുതെന്ന് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.

Story Highlights: Supreme Court randamoozham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top