തൃശൂരിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വാച്ചർ ശങ്കരനും മരിച്ചു. ട്രൈബൽ വാച്ചർമാരായ ദിവാകരനും വേലായുധനും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

വടക്കാഞ്ചേരി വനം റേഞ്ചിൽ പൂങ്ങോട് പരിധിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് സംഭവം. പത്തിലധികം വനം വകുപ്പ് ജീവനക്കാരാണ് തീ അണയ്ക്കുന്നതിനായി എത്തിയിരുന്നത്. ഒരു മേഖലയിൽ നിന്നും തീയണച്ചു വരുന്നതിനിടെയാണ് മൂവരും അപകടത്തിൽപെട്ടത്.

ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാച്ചർ ശങ്കരനെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. പ്രദേശത്തെ തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ പുകയുയർന്നതോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാര്യങ്ങൾ ദുഷ്‌കരമാക്കി. ജില്ലയിലെ വിവിധ റേഞ്ചിൽ നിന്നുള്ള അഗ്‌നിശമനസേന പ്രദേശത്ത് എത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More