കാലാവസ്ഥാ വ്യതിയാനം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്നുവരുന്ന താപനില കേരളത്തിലെ മത്സ്യസമ്പത്ത് കുറയ്ക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സ്യസമ്പത്ത് കുറയുന്നത് വില വര്‍ധനവിന് കാരണമാകും.

കേരളത്തിലെ മത്സ്യസമ്പത്ത് കുറയുന്ന സമയമാണ് ജനുവരി, ഫെബ്രുവരി മാസങ്ങള്‍. എന്നാല്‍ ഇത്തവണ അത് ക്രമാതീതമായി കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സമുദ്ര നിരപ്പിലെ താപനില വര്‍ധിച്ചതാണ് ഇതിനു പ്രധാനകരണം. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ അനുകൂല താപനില തേടി വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് മത്സ്യങ്ങള്‍ സഞ്ചരിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.

മത്തി, അയല തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുക. ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അനുകൂല താപനില തേടി മത്സ്യങ്ങള്‍ സഞ്ചരിക്കുന്നത്. ഇത്, ഈ സംസ്ഥാനങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിക്കുന്നതിന് ഇടയാകുന്നുണ്ട്. കേരളത്തിലെ അശാസ്ത്രിയമായ മത്സ്യബന്ധനവും മത്സ്യ ലഭ്യത കുറയുന്നതിന് കാരണമാകുന്നു.

മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തില്‍, ഇറക്കുമതിയുടെ തോതില്‍ വന്‍ വര്‍ധനവ് ഉണ്ടാകും. ഇത് മത്സ്യവില വര്‍ധിക്കുന്നതിന് വഴിവയ്ക്കും. വരും ദിവസങ്ങളിലും കേരളത്തിലെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ട് തന്നെ മത്സ്യ ബന്ധന മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.

Story Highlights: fish price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top