Advertisement

അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യും

February 18, 2020
Google News 1 minute Read

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. വിജിലൻസിന്റെ തിരുവനന്തപുരം സ്‌പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ശിവകുമാറിനു പുറമേ മൂന്ന് പേരെക്കൂടി കേസിൽ പ്രതിചേർക്കാനാണ് വിജിലൻസ് തീരുമാനം.

മന്ത്രിയായിരുന്ന കാലത്ത് വിഎസ് ശിവകുമാർ ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

വിഎസ് ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ വിജിലൻസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിൽ ശിവകുമാർ, ഡ്രൈവർ ഷൈജു ഹരൻ, ബന്ധു അഡ്വ. എൻ എസ് ഹരികുമാർ, ശാന്തിവിള രാജേന്ദ്രൻ എന്നിവർക്കെതിരെയാണ് കേസെടുത്ത് അന്വേഷിക്കുക.

ശിവകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ചിലരുടെ വിമാനയാത്രകളുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു. പേഴ്‌സണൽ സ്റ്റാഫിലൊരാൾ ബേക്കറി ജംഗ്ഷന് സമീപം വാങ്ങിയ ഒന്നരയേക്കർ ഭൂമി ശിവകുമാറിന് വേണ്ടിയാണെന്നും വിജിലൻസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ചില മരുന്ന് കമ്പനികളുമായും ആശുപത്രികളുമായും ശിവകുമാറിന് ബന്ധമുണ്ടെന്നും വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. നൂറോളം പേരെ നേരിൽക്കണ്ടും 150-ഓളം ഫയലുകൾ പരിശോധിച്ചുമാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. രഹസ്യാന്വേഷണ റിപ്പോർട്ടിനെ കൂടാതെ വഴുതക്കാട് സ്വദേശി ആർ വേണുഗോപാലിന്റെ പരാതിയിലെ അന്വേഷണ റിപ്പോർട്ടും വിജിലൻസിന്റെ പക്കലുണ്ട്. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Story highlight: VS sivakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here