ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി

ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സംസ്ഥാനത്തെ കായലുകളില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും ധാരാളമുണ്ടെന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോട്ട് ജെട്ടികളില്‍ പ്രവേശിപ്പിക്കുകയില്ല. ഹൗസ് ബോട്ടുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുവാന്‍ അനുവദിക്കുകയില്ല.

ജീവനക്കാര്‍ക്ക് ലൈസന്‍സ് ഉറപ്പ് വരുത്തുകയും യൂണിഫോം നിര്‍ബന്ധമാക്കുകയും ചെയ്യും. മിന്നല്‍ പരിശോധനകള്‍ കൂടുതലായി നടത്താനും തീരുമാനമായി. ജിപിഎസ് സിസ്റ്റം എല്ലാ ഹൗസ് ബോട്ടുകളിലും ഉറപ്പ് വരുത്തും. പരിശോധന നടത്തുന്നതിനായി തുറമുഖം, ടൂറിസം, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

Story Highlights: house boat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top