കരുണാ മ്യൂസിക് നൈറ്റ്; 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്; തെളിവുകള്‍ സഹിതം വിശദീകരണവുമായി സംഘാടകര്‍

കരുണാ മ്യൂസിക് നൈറ്റില്‍ നിന്ന് ഏഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ് രൂപയാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍. 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. നാലായിരം പേര്‍ മാത്രമാണ് പരിപാടി കാണാനെത്തിയതെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഗീത സംവിധായകന്‍ ബിജിബാല്‍, സംവിധായകന്‍ ആഷിക് അബു, ഷഹബാസ് അമന്‍ എന്നിവരാണ് വിശദീകരണം നല്‍കിയത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
അഞ്ഞൂറ്, ആയിരത്തി അഞ്ഞൂറ്, രണ്ടായിരത്തി അഞ്ഞൂറ്, അയ്യായിരം രൂപയുടെ ടിക്കറ്റുകളായിരുന്നു ഫൗണ്ടേഷന്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഓണ്‍ലൈനായി ഏഴ്‌ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. മുപ്പത്തി ഒന്‍പതിനായിരം രൂപയുടെ ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴിയും വിറ്റിരുന്നു. ഇതില്‍ 18 ശതമാനം ജിഎസ്ടി, പ്രളയ സെസ് ഒരു ശതമാനം, ബാങ്ക് ചാര്‍ജ് രണ്ട് ശതമാനം ഇവയെല്ലാം കുറവ് വരുത്തിയ ശേഷം ആറ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപ ലഭിച്ചു.
ഇത് റൗണ്ട് ചെയ്താണ് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നും പ്രവര്‍ത്തകര്‍ വിശദീകരിച്ചു. മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തത് സൗജന്യ പാസുകള്‍ ഉപയോഗിച്ചാണ്. സാംസ്‌കാരിക സ്ഥാപനങ്ങള്‍, രാഷ്ട്രീയ സംഘടനകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും സൗജന്യ പാസുകള്‍ വാങ്ങിയെന്നും സംഘാടകര്‍ പറയുന്നു.
26 ലക്ഷത്തോളം രൂപയാണ് പരിപാടിക്കായി ആകെ ചെലവ് വന്നത്. മാര്‍ച്ച് 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ സമയം ചോദിച്ചിരുന്നു. അതിനാലാണ് തുക നല്‍കാന്‍ വൈകിയതെന്നും സംഘാടകര്‍ പറയുന്നു. കലാകാരന്മാര്‍ എന്ന നിലയില്‍ പരിപാടി വിജയമായിരുന്നു. എന്നാല്‍ സമ്പത്തികമായി പരാജയമായിരുന്നുവെന്നും സംഘാടകര്‍ വിശദീകരിച്ചു.
Story Highlights: Karuna Music Night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here