അവിനാശി വാഹനാപകടം: മരണം 17 ആയി; 25 പേർക്ക് പരുക്ക്

തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരണം 17 ആയി. 25 പേർക്ക് പരുക്കു പറ്റിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.
സർക്കാർ ആശുപത്രിയിൽ എത്തിച്ച 20 പേരിൽ 17 പേരും മരണപ്പെട്ടു എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. മറ്റ് മൂന്നു പേരുടെ നില ഗുരുതരമാണ്. ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാവുമെന്നും ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 9495099910 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചാൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാൻ കഴിയും.
കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരിൽ ബസിലെ കണ്ടക്ടറും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു എന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു. തിരുപ്പൂറിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
അതേ സമയം, സേലത്ത് ഓമ്നി വാനും അപകടത്തിൽ പെട്ടു. അഞ്ച് നേപ്പാൾ സ്വദേശികളാണ് സേലത്തു നടന്ന അപകടത്തിൽ മരണപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here