ആദ്യ സെഷൻ അതിജീവിച്ചു; മായങ്ക് അഗർവാളിന് അപൂർവ റെക്കോർഡ്

ന്യുസീലൻ്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് അപൂർവ റെക്കോർഡ്. ടെസ്റ്റിൻ്റെ ആദ്യ സെഷൻ അതിജീവിച്ചതോടെയാണ് അഗർവാൾ അപൂർവ റെക്കോർഡ് കുറിച്ചത്. മുപ്പത് വർഷങ്ങൾക്ക് ശേഷം ന്യുസീലൻ്റിൽ ആദ്യ സെഷൻ അതിജീവിക്കുന്ന ഇന്ത്യൻ ഓപ്പണറെന്ന നേട്ടമാണ് മായങ്ക് സ്വന്തം പേരിലാക്കിയത്. 1990 ൽ മനോജ്‌ പ്രഭാകർ ഈ നേട്ടം കുറിച്ച ശേഷം 30 വർഷങ്ങൾ നീണ്ട കാലയളവിൽ ഇന്ത്യയുടെ ഒരു ഓപ്പണർക്കും ആദ്യ സെഷൻ അതിജീവിക്കാൻ സാധിച്ചിരുന്നില്ല.

ഒന്നാം ദിനത്തിൻ്റെ ആദ്യ സെഷനിൽ 29 റൺസായിരുന്നു അഗർവാളിൻ്റെ സമ്പാദ്യം. 79/3 എന്നതായിരുന്നു ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യയുടെ സ്കോർ. മത്സരത്തിൽ അഗർവാൾ 34 റൺസെടുത്ത് പുറത്തായി. നേപ്പിയറിൽ നടന്ന മത്സരത്തിലാണ് മനോജ് പ്രഭാകർ നേരത്തെ ഈ നേട്ടം കുറിച്ചത്. മത്സരത്തിൽ 268 പന്തിൽ 95 റൺസായിരുന്നു പ്രഭാകർ നേടിയത്.

അതേ സമയം, മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. പുൽമൈതാനം ഒരുക്കിയിരുന്ന വെല്ലിംഗ്ടണിലെ പിച്ചിൽ പ്രവചനങ്ങൾ പുലരുന്ന കാഴ്ചയാണ് കണ്ടത്. പേസും ബൗൺസും ഒരുപോലെ സമ്മേളിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മത്സരിച്ച് കൂടാരം കയറി. ആദ്യ ദിനം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് ഇന്ത്യ എടുത്തിരിക്കുന്നത്. അജിങ്ക്യ രഹാനെ (39), ഋഷഭ് പന്ത് (10) എന്നിവരാണ് ക്രീസിൽ. ന്യൂസിലൻഡിനായി അരങ്ങേറ്റക്കാരൻ കെയിൽ ജെമീസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. മഴ പെയ്തതിനെത്തുടർന്ന് ആദ്യ ദിനം 55 ഓവറുകൾ മാത്രമാണ് എറിഞ്ഞത്.

Story Highlights: Mayank Agarwal 1st Indian opener to survive 1st session of a Test in New Zealand in 30 years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top