കേരള ക്രിക്കറ്റ് പരിശീലക സ്ഥാനത്തു നിന്ന് വാട്ട്മോർ പടിയിറങ്ങി; ഇനി സിംഗപ്പൂർ ടീമിനെ പരിശീലിപ്പിക്കും

കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായിരുന്ന ഡേവ് വാട്ട്മോർ സ്ഥാനമൊഴിഞ്ഞു. ഈ സീസണിൽ കേരളത്തിൻ്റെ മോശം പ്രകടനത്തിനു ശേഷമാണ് അദ്ദേഹം ടീം വിട്ടത്. സിംഗപ്പൂർ ക്രിക്കറ്റ് ടീം പരിശീലകനായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. വാട്ട്മോർ സ്വയം സ്ഥാനം ഒഴിയുകയായിരുന്നു എന്നാണ് വിവരം.

കേരള ക്രിക്കറ്റിന് ഏറ്റവും മികച്ച നേട്ടങ്ങൾ സമ്മാനിച്ച പരിശീലകൻ എന്ന നിലയിലാണ് വാട്ട്മോർ ഓർമിക്കപ്പെടുക. 2017ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത വാട്ട്മോർ ആ വർഷം ടീമിനെ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു. തൊട്ടടുത്ത സീസണിൽ വീണ്ടും ചരിത്രം തിരുത്തപ്പെട്ടു. ഇത്തവണ ടീം സെമിഫൈനലിലെത്തി. ഈ സീസണിൽ പക്ഷേ, കേരളത്തിൻ്റെ പ്രകടനം വളരെ മോശമായി. ഒരൊറ്റ ജയം മാത്രം നേടാനായ കേരളം സി ഗ്രൂപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു.

സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികളിലൊന്നും കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കാനും ആയില്ല. കളിക്കാരുടെ പരുക്കും ബാറ്റിംഗ് വിഭാഗത്തിൻ്റെ മോശം പ്രകടനങ്ങളുമാണ് കേരളത്തിനു തിരിച്ചടി ആയത്. ഇന്ത്യ എ ടീമിലും ദേശീയ ടീമിലും കളിച്ച സഞ്ജു സാംസണിൻ്റെയും എ ടീമിൽ കളിച്ച സന്ദീപ് വാര്യരുടെയും അഭാവവും കേരളത്തിൻ്റെ പ്രകടനങ്ങളെ ബാധിച്ചു. ഏറെ വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷം ഇത്ര മോശമായ മറ്റൊരു സീസൺ അഭിമുഖീകരിക്കേണ്ടി വന്നത് വാട്ട്മോറിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുണ്ടാവണം.

അതേ സമയം, പുതിയ പരിശീലകൻ്റെ കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

Story Highlights: Dav Whatmore quits kerala cricket team coach

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top