ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി

കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി. പദവികൾ സംബന്ധിച്ച് ചർച്ച തുടരുന്നതിനാലാണ് ലയനം മാറ്റിയത്.

ജോണി നെല്ലൂരിന് വൈസ് ചെയർമാൻ പദവി നൽകുമെന്ന് വാഗ്ദാനമുണ്ട്. എന്നാൽ കൂടെയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. മൂന്ന് ജില്ലാ പ്രസിഡന്റുമാർ, ആറ് സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ എന്നിവയാണ് ജോണി നെല്ലൂർ വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളാ കോൺഗ്രസ് എമ്മിലെ തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലായതിനാൽ പദവികൾ സംബന്ധിച്ച് ഇപ്പോൾ ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജോണി നെല്ലൂരിനൊപ്പമുള്ളവർക്ക് മാന്യമായ പദവികൾ നൽകും. മാർച്ച് ഏഴിന് രാജേന്ദ്ര മൈതാനിയിൽവച്ചാണ് ലയനസമ്മേളനം. ഈ മാസം 29 ന് ലയിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

അതേസമയം, പദവികൾ സംബന്ധിച്ച് തർക്കങ്ങളില്ലെന്നും വേദി ലഭിക്കാത്തതാണ് ലയന തീയതി മാറ്റാൻ കാരണമെന്നും ജോണി നെല്ലൂർ പ്രതികരിച്ചു. കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ പ്രതിനിധിയായി നാളത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും സെക്രട്ടറിയായി താൻ തുടരുമെന്നും ജോണി നെല്ലൂർ പറഞ്ഞു. കേരളാ കോൺഗ്രസ് ജേക്കബിലെ ഭൂരിഭാഗം നേതാക്കളും തനിക്കൊപ്പമാണ്. എട്ടു ജില്ലാ പ്രസിഡന്റുമാർ അടക്കമുള്ള പ്രവർത്തകർ ലയനസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More