പാകിസ്താൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

കുളത്തൂപ്പുഴയിൽ വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേസിൽ അന്വേഷണം ആരംഭിച്ചു.

വെടിയുണ്ടയുടെ സമീപത്ത് നിന്ന് തമിഴ്നാട് വൈദ്യുത ബോർഡിന്റെ ബില്ല് കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ബില്ല് കോഴി ഫാമിന്റേതാണെന്ന് വ്യക്തമായത്. കോഴി ഫാം ഉടമയായ തമിഴ്നാട് സ്വദേശിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.

ഈ മാസം നാലാം തീയതിക്ക് ശേഷമാണ് വെടിയുണ്ടകൾ മുപ്പതടിപാലത്തിന് സമീപം കൊണ്ടുവച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നാലാം തീയതിയാണ് റോഡിന്റെ വീതിക്കൂട്ടുന്നതിനായി പ്രദേശത്ത് മണ്ണ് നിരത്തിയത്. ഈ ദിവസത്തിന് മുൻപാണ് വെടിയുണ്ടകൾ കൊണ്ടുവച്ചതെങ്കിൽ അവ മണ്ണിനടയിൽ അകപ്പെട്ടേനെ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് മണ്ണ് നിക്ഷേപിച്ച കരാറുകാർ, ലോറി ഡ്രൈവർ എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇവ വിശദമായി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തെക്കൻ കേരളത്തിലുണ്ടായ സമാന സംഭവങ്ങളുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളിലേക്ക് എത്താനുള്ള സൂചനകൾ ലഭിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top