ലോക്കർ പരിശോധനയിൽ ഒന്നും കണ്ടെത്താൻ ആയില്ല : വിഎസ് ശിവകുമാർ

ലോക്കർ പരിശോധനയിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് മുൻ മന്ത്രി വിഎസ് ശിവകുമാർ. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് അത് സഹായകമാകുമെന്നും ശിവകുമാർ പറഞ്ഞു.
തനിക്കെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. തനിക്കെതിരെ നടന്ന പ്രചാരണങ്ങൾ സത്യമല്ലെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. പൊതുപ്രവർത്തകരെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആണ് നടക്കുന്നത്. പൊതു പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവകുമാറിന്റെ ലോക്കർ വിജിലൻസ് സംഘത്തിന്റെ സാന്നിധ്യത്തിൽ തുറക്കണം എന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നു. ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ ശേഖരിച്ചെങ്കിലും ബാങ്ക് ലോക്കർ തുറക്കാനായിരുന്നില്ല. താക്കോൽ കാണാനില്ലെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. കൂടാതെ ലോക്കറിന്റെ നമ്പറടക്കമുള്ള മറ്റ് വിവരങ്ങൾ ശിവകുമാർ അന്വേഷണ സംഘത്തിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം ബാങ്കിന് കത്ത് നൽകിയത്.
നേരത്തെ ശിവകുമാറിന്റെയും, ഹരികുമാറിന്റെയും വീട്ടിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
Story Highlights- VS Sivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here