Advertisement

വനിതാ ടി-20 ലോകകപ്പ്: ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റിന്

February 26, 2020
Google News 2 minutes Read

ഇക്കൊല്ലത്തെ വനിതാ ടി-20 ലോകകപ്പിൽ ആദ്യമായി സെഞ്ചുറി അടിക്കുന്ന താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. തായ്‌ലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ടൂർണമെൻ്റിലെ ആദ്യ സെഞ്ചുറി അടിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഹെതർ നൈറ്റിൻ്റെ ബാറ്റിംഗ് മികവിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 176 എന്ന കൂറ്റൻ സ്കോർ കുറിച്ചു. ഹെതർ നൈറ്റിനൊപ്പം അർധസെഞ്ചുറി അടിച്ച നതാലി സിവറും ഇംഗ്ലണ്ട് സ്കോറിൽ നിർണായക പങ്കു വഹിച്ചു.

ഞെട്ടലോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിച്ചത്. സ്കോർ ബോർഡ് തുറക്കുന്നതിന് മുൻപ് തന്നെ ഓപ്പണർ ഏമി ജോൺസ് പുറത്തായി. സ്കോർബോർഡിൽ ഏഴ് റൺസ് ആയപ്പോഴേക്കും സഹ ഓപ്പണർ ഡാനിയൽ വ്യാട്ടും മടങ്ങിയി. ഇരുവരും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. 1.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എന്ന നിലയിലാണ് ഹെതർ നൈറ്റും നതാലി സിവറും ഒത്തുചേർന്നത്.

തുടർന്ന് തായ്ലൻഡ് ബൗളർമാരെ തല്ലിച്ചതച്ച ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടിച്ചേർത്തു. 38 പന്തുകളിൽ നൈറ്റും 45 പന്തുകളിൽ സിവറും അർധസെഞ്ചുറി തികച്ചു. 64 പന്തുകളിലാണ് ഹെതർ നൈറ്റ് തൻ്റെ സെഞ്ചുറി തികച്ചത്. 66 പന്തുകളിൽ 13 ബൗണ്ടറികളും 4 സിക്സറും സഹിതം 108 റൺസെടുത്ത നൈറ്റും 52 പന്തുകളിൽ 8 ബൗണ്ടറി അടക്കം 59 റൺസെടുത്ത സിവറും പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 123 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

Story Highlights: Heather Knight century vs thailand women womens t-20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here