Advertisement

ആ ആനച്ചന്തം ഇനി ഇല്ല…

February 26, 2020
Google News 1 minute Read

ഗുരുവായൂരപ്പന്റെ ചൈതന്യം തിടമ്പേറ്റി നിന്ന സാക്ഷാൽ ഗുരുവായൂർ കേശവനു ശേഷം ആനപ്രേമികളും ഭക്തരും പൊതു ജനങ്ങളും ദൈവികത്വം കണ്ടറിഞ്ഞ് ആരാധിച്ച ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഇനിയില്ല. അനച്ചന്തത്തിന്റെ സർവ ഗുണങ്ങളും നിറഞ്ഞ പത്മനാഭന്റെ വിയോഗം കേരളത്തിന് മൊത്തത്തിലാണ് നഷ്ടം.

66 വർഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ പത്മനാഭൻ വെറുമൊരു ആന മാത്രമായിരുന്നില്ല മലയാളിക്ക് ദൈവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു. ആ ഇഷ്ടവും ആരാധനയും ബഹുമാനവും ഈ ഗജരാജാവിന് കൊടുത്തിരുന്നു കേരളം. കേശവന്‌ ശേഷം ആ സ്ഥാനത്ത് മറ്റൊരു ആന ഉണ്ടാകുമോ എന്ന സംശയത്തിനുള്ള ഉചിതമായ മറുപടിയായിരുന്നു പത്മനാഭൻ. ഗുരുവായൂരപ്പനെ ദർശിക്കുന്ന അതേ മനസോടെയായിരുന്നു ആനകളിലെ ‘ദൈവ’ മായി മാറിയ പത്മനാഭനെ ഓരോ മനുഷ്യനും കണ്ടിരുന്നത്. കേവലം ആന പ്രേമത്തിനും അപ്പുറമായിരുന്നു പത്മനാഭനോടുള്ള ആവേശം.

പത്മനാഭന്റെ മഹത്വം മനസിലാക്കണമെങ്കിൽ അവന്റെ ഏക്ക തുക അറിഞ്ഞാൽ മാത്രം മതിയായിരുന്നു. ഇതുവരെ കേരളത്തിൽ ഒരാനയ്ക്കും കിട്ടാത്ത ഏക്ക തുകയായിരുന്നു പത്മനാഭന് കിട്ടിയിരുന്നത്. 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തോടനുബന്ധിച്ച് വല്ലങ്ങ് ദേശം പത്മനാഭന് വേണ്ടി മുടക്കിയ ഏക്ക തുക രണ്ടു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് രൂപയായിരുന്നു. പത്മനാഭൻ ആനകൾക്കിടയിലെ സൂപ്പർ സ്റ്റാർ ആയിരുന്നുവെന്നതിന് ഇതിനേക്കാൾ വലിയ തെളിവ് വേണ്ടല്ലോ!

ഗുരുവായൂരപ്പന്റെ പ്രതിപുരുഷനായി കണ്ടു വണങ്ങിയവർക്കെല്ലാം പത്മനാഭനെ ഒരു നോക്ക് കാണാൻ അത്രമമേൽ കൊതിയായിരുന്നുവെന്നത് തന്നെയാണ് അവന് വേണ്ടി മുടക്കാൻ പണം ഒരു തടസമല്ലാതായി മാറാനുള്ള കാരണവും. ആഢ്യത്വും പ്രൗഡിയും നിറഞ്ഞ, ആ തലയെടുപ്പും, മണ്ണിൽ മുട്ടി കിടക്കുന്ന തുമ്പിക്കൈയും നീണ്ടു വളഞ്ഞ കൊമ്പുകളും കരിവീരന്റെ സ്വതസിദ്ധമായ കറുപ്പും പത്മനാഭനെ ആരും മോഹിക്കുന്ന ആനയാക്കി മാറ്റി. മനുഷ്യർക്കിടയിൽ മാത്രമായിരുന്നില്ല, ആനകൾക്കിടയിലും പത്മനാഭൻ എന്നും നായകനായിരുന്നു.

പത്മനാഭനെ തേടിയെത്തിയ പുരസ്‌കാരങ്ങളും ഈ ആനയുടെ മഹത്വം വിളിച്ചോതുന്നുണ്ട്. ഗജരത്നം, ഗജചക്രവർത്തി പട്ടങ്ങൾ പത്മനാഭന്റെ പ്രൗഢിയേറ്റുന്നവയായിരുന്നു.

കേരളത്തിലെ ഇന്നുള്ള തലയെടുപ്പുള്ള ആനകളിൽ പലതും അന്യദേശങ്ങളിൽ നിന്നു വന്നവരാണ്. എന്നാൽ, പത്മനാഭൻ കേരളത്തിന്റെ സ്വന്തമാണ്. നിലമ്പൂർ കാടുകളിൽ നിന്നാണ് പത്മനാഭൻ ദൈവനിയോഗം പോലെ ഗുരുവായൂരപ്പന്റെ ദാസനായി എത്തുന്നത്. നിലമ്പൂർ കാട്ടിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ പത്മനാഭൻ ഒരു കുട്ടിയായിരുന്നു. ആലത്തൂരിലെ സ്വാമിയാരായിരുന്നു പത്മനാഭന്റെ ആദ്യത്തെ ഉടമ.സ്വമായിരിൽ നിന്നും ഒറ്റപ്പാലത്തുള്ള ഇ പി ബ്രദേഴ്സ് അവനെ സ്വന്തമാക്കി. അവരാണ് ഗുരുവായൂരിൽ നടയിരുത്തുന്നത്. 1954 ജനുവരി 18 ന് തന്റെ പതിനാലാമാത്തെ വയസിലായിരുന്നു പത്മനാഭൻ ഗുരുവായൂരപ്പന് സ്വന്തമാകുന്നത്. അവിടുന്നിങ്ങോട്ട് തന്റെ എൺപതാമത്തെ വയസിൽ വിടചൊല്ലുന്നതുവരെ പത്മനാഭനായിരുന്നു ഗുരുവായൂരപ്പനെല്ലാം.

തൃശൂർ പൂരാസ്വാദകർക്കും ഒരിക്കലും മറക്കാൻ പറ്റില്ല പത്മനാഭനെ. ആ തലയെടുപ്പിനെ വെല്ലുന്ന മറ്റൊരാനയെ സങ്കൽപ്പിക്കുകയുമില്ല. പത്മനാഭന് അടയാളപ്പെടുത്തുന്ന ശൂന്യത ആർക്കും നികത്താനുമാകില്ലെന്ന് എല്ലാവർക്കുമറിയാം. പ്രായമേറി വരുമ്പോഴും വിട്ടുപോകാതിരുന്ന അവന്റെ പ്രൗഢിയെ ദൈവികതയുടെ സാക്ഷ്യമായിട്ടായിരുന്നു ഏവരും കണ്ടത്. ഒരാന ഇത്രമേൽ ശാന്തസ്വഭാവിയാകുമോ എന്ന സംശയത്തിനുള്ള ഉത്തരവും പത്മനാഭന്റെ ഈശ്വര ചൈതന്യമായിരുന്നു. തന്റെ മുൻഗാമികളായിരുന്ന കേശവനും പത്മനാഭനും ലഭിച്ച അതേ അനുഗ്രഹം സ്വന്തമാക്കാൻ ഭാഗ്യം സിദ്ധിച്ചതിന്റെ ഫലം.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2007 മുതൽ ഗജരത്നം പത്മനാഭനെ ഗുരുവായൂരിന് പുറത്തേക്ക് എഴുന്നള്ളിപ്പിന് അയച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷം പത്മനാഭനെ ആഘോഷിക്കാൻ അവസരം കിട്ടുന്നത് 2011 ലെ ഉത്രാളിക്കാവ് പൂരത്തിനായിരുന്നു. ഏറ്റവുമൊടുവിലായി തുറവൂർ ക്ഷേത്രത്തിലായിരുന്നു പത്മനാഭൻ പുറം എഴുന്നള്ളിപ്പിനായി എത്തുന്നത്.

ആനകളിലെ ഈ രാജാവ്, കഴിഞ്ഞ കുറച്ച് കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി അവശ നിലയിലായിരുന്നു പത്മനാഭൻ ഏവരെയും ദുഖത്തിലാഴ്ത്ത് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണത്തിന് കീഴടങ്ങുന്നത്.

66 വർഷമാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റിയത്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണ ദിനത്തിൽ കേശവന്റെ പ്രതിമയിൽ മാല ചാർത്തുന്ന പത്മനാഭൻ ഏതൊരാളിലും ഭക്തിയും ആവേശവും ഒരുപോലെ നിറയ്ക്കുമായിരുന്നു. ഇനി അത്തരം കാഴ്ച്ചകൾക്കും അനുഭവങ്ങൾക്കും പത്മനാഭൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ മലയാളിക്ക് കഴിയുമെന്ന് തോന്നുന്നില്ല.

Story highlight: Guruvayoor pathmanabhan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here