‘തലതിരിഞ്ഞ’ ചഹാലിനെ നേരെയാക്കാൻ രോഹിതും ഖലീലും; ടിക്‌ടോക് വീഡിയോ വൈറൽ

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിൻ്റെ ടിക്‌ടോക് വീഡിയോ വൈറൽ. സഹതാരങ്ങളായ രോഹിത് ശർമ്മയ്ക്കും ഖലീൽ അഹ്മദിനും ഒപ്പമാണ് ചഹാൽ ടിക്‌ടോക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പ്രിയദർശൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ധോൽ എന്ന സിനിമയിലെ രംഗമാണ് മൂവരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്.
രാജ്പാൽ യാദവിൻ്റെ റോൾ ചഹാലും തുഷാർ കപൂറിൻ്റെ റോളിൽ രോഹിതും കുനാൽ ഖേമുവിൻ്റെ റോളിൽ ഖലീൽ അഹ്മദും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ഉടുപ്പ് തലതിരിഞ്ഞ് ഇടുന്നതുമായി ബന്ധപ്പെട്ട രംഗമാണ് ഇത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലും ചഹാൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സിദ്ധിക്ക്-ലാൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള ചിത്രം ഇൻ ഹരിഹർ നഗറിൻ്റെ ഹിന്ദി റീമേക്ക് ആണ് ധോൽ. ശർമാൻ ജോഷി, തനുശ്രീ ദത്ത, ഓം പുരി തുടങ്ങിയ താരങ്ങളും ധോലിൽ അഭിനയിച്ചിരുന്നു.
We are back ?? @ImRo45 @imK_Ahmed13 pic.twitter.com/THo3qiD7Qt
— Yuzvendra Chahal (@yuzi_chahal) February 25, 2020
പരുക്കേറ്റതിനെത്തുടർന്ന് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ട രോഹിത് ശർമ്മ ഇപ്പോൾ വിശ്രമത്തിലാണ്. ന്യൂസിലൻഡിനെതിരെ നടന്ന അഞ്ചാം ടി-20യിലാണ് രോഹിത് പരുക്കേറ്റ് പുറത്തായത്. തുടർന്ന് ഏകദിന, ടെസ്റ്റ് പരമ്പരകൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിലൂടെ അദ്ദേഹം തിരികെ വരുമെന്നാണ് വിവരം.
യുസ്‌വേന്ദ്ര ചഹാൽ ന്യൂസിലൻഡിനെതിരായ ടി-20, ഏകദിന പരമ്പരകളിൽ കളിച്ചിരുന്നു. മുൻപ് ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള ഖലീൽ അഹ്മദാവട്ടെ ഇപ്പോൾ അവസരങ്ങൾ ലഭിക്കാതെ പുറത്തിരിക്കുകയാണ്.
Story Highlights: Yuzvendra Chahal, Rohit Sharma, Khaleel Ahmed leave fans in splits with hilarious TikTok video