Advertisement

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ രണ്ട് മാറ്റങ്ങൾ

February 27, 2020
Google News 2 minutes Read

ന്യുസീലൻ്റിനെതിരായ വനിതാ ടി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യുസീലൻ്റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിച്ചാൽ സെമിഫൈനലിൽ എത്താം.

വൈറൽ ഫീവറിനെത്തുടർന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഓപ്പണർ സ്മൃതി മന്ദന തിരിച്ചെത്തി. ഒപ്പം, അരുന്ധതി റെഡ്ഡിക്ക് പകരം രാധ യാദവും ടീമിലെത്തി. കേറ്റി പെർകിൻസൺ, ജെസ് കെർ എന്നിവർക്കു പകരം അന്ന പീറ്റേഴ്സൺ, റോസ്മേരി മൈർ എന്നിവർ ന്യുസീലൻ്റ് നിരയിലും ടീമിലെത്തി.

നിലവിലെ ചാമ്പ്യന്മരും ആതിഥേയരുമായ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും കെട്ടുകെട്ടിച്ചു. ന്യുസീലൻ്റ് ആവട്ടെ, ശ്രീലങ്കക്കെതിരായ ജയത്തോടെയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്.

ഓപ്പണിംഗിൽ ഷഫാലി ഫോം തുടരുന്ന വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യക്ക് നൽകുന്ന മുൻതൂക്കം വളരെ വലുതാണ്. ടൂർണമെൻ്റിൽ ഇതുവരെയുള്ള വിക്കറ്റ് വേട്ടയിൽ യഥാക്രമം 7, 5 വിക്കറ്റുകളുമായി മുന്നിൽ നിൽക്കുന്ന പൂനം യാദവ് ശിഖ പാണ്ഡെ എന്നിവരുടെ മിന്നുന്ന ഫോമും ഇന്ത്യക്ക് മുൻതൂക്കം നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ, നിർണായകമായ 20 റൺസ് നേടി വേദ കൃഷ്ണമൂർത്തി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച് ഇന്നിംഗ്സ് ഫിനിഷ് ചെയ്യുക എന്ന ചുമതലയുള്ള വേദ ഫോമിലേക്കുയരേണ്ടത് ഇന്ത്യയുടെ ടൂർണമെൻ്റ് ഭാവിയിൽ നിർണായകമാണ്.

അതേ സമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മോശം ഫോം ഇന്ത്യൻ ക്യാമ്പിൽ ആശങ്കക്ക് വഴി തെളിക്കുന്നുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പിൽ ന്യുസീലൻ്റിനെതിരെ തന്നെ ഉജ്ജ്വല സെഞ്ചുറിയടിച്ച ശേഷം ഒരൊറ്റ ഫിഫ്റ്റി പോലും ഹർമൻപ്രീതിൻ്റെ പേരിൽ ഇല്ല. ഹർമൻ്റെ സംഭാവന ഇല്ലാതെ തന്നെ മത്സരങ്ങൾ ജയിക്കുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നുണ്ടെങ്കിൽ പോലും ക്യാപ്റ്റൻ്റെ ഫോം ഔട്ട് ആശങ്ക തന്നെയായി തുടരുകയാണ്.

Story Highlights: Womens T-20 world cup india batting vs new zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here