വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് മൂന്നാം അങ്കം; എതിരാളികൾ ന്യുസീലന്റ്

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം അങ്കം. കരുത്തരായ ന്യുസീലൻ്റാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലുള്ള ഇന്ത്യ മൂന്നാം ജയത്തോടെ സെമിഫൈനൽ ബെർത്താണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡ് ആവട്ടെ ടൂർണമെൻ്റിലെ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. മെൽബണിൽ രാവിലെ 9.30നാണ് മത്സരം.

വൈറൽ ഫീവർ പിടിപെട്ട് രണ്ടാം മത്സരത്തിൽ പുറത്തായിരുന്ന ഓപ്പണർ സ്മൃതി മന്ദന തിരികെ എത്തിയേക്കും. അങ്ങനെയെങ്കിൽ യുവതാരം റിച്ച ഘോഷ് പുറത്തിരിക്കും. ഓപ്പണിംഗിൽ ഷഫാലി ഫോം തുടരുന്ന വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യക്ക് നൽകുന്ന മുൻതൂക്കം വളരെ വലുതാണ്. ടൂർണമെൻ്റിൽ ഇതുവരെയുള്ള വിക്കറ്റ് വേട്ടയിൽ യഥാക്രമം 7, 5 വിക്കറ്റുകളുമായി മുന്നിൽ നിൽക്കുന്ന പൂനം യാദവ് ശിഖ പാണ്ഡെ എന്നിവരുടെ മിന്നുന്ന ഫോമും ഇന്ത്യക്ക് മുൻതൂക്കം നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ, നിർണായകമായ 20 റൺസ് നേടി വേദ കൃഷ്ണമൂർത്തി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച് ഇന്നിംഗ്സ് ഫിനിഷ് ചെയ്യുക എന്ന ചുമതലയുള്ള വേദ ഫോമിലേക്കുയരേണ്ടത് ഇന്ത്യയുടെ ടൂർണമെൻ്റ് ഭാവിയിൽ നിർണായകമാണ്.

അതേ സമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മോശം ഫോം ഇന്ത്യൻ ക്യാമ്പിൽ ആശങ്കക്ക് വഴി തെളിക്കുന്നുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പിൽ ന്യുസീലൻ്റിനെതിരെ തന്നെ ഉജ്ജ്വല സെഞ്ചുറിയടിച്ച ശേഷം ഒരൊറ്റ ഫിഫ്റ്റി പോലും ഹർമൻപ്രീതിൻ്റെ പേരിൽ ഇല്ല. ഹർമൻ്റെ സംഭാവന ഇല്ലാതെ തന്നെ മത്സരങ്ങൾ ജയിക്കുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നുണ്ടെങ്കിൽ പോലും ക്യാപ്റ്റൻ്റെ ഫോം ഔട്ട് ആശങ്ക തന്നെയായി തുടരുകയാണ്.

ബാറ്റിംഗ് പിച്ചാണ് മെൽബണിൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Story Highlights: Womens T-20 world cup india vs new zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top