തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ച് ജേക്കബ് തോമസ്

സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഏറ്റുമുട്ടിലിനൊരുങ്ങി ഡിജിപി ജേക്കബ് തോമസ്. തന്നെ എഡിജിപിയായി തരം താഴ്ത്താനുള്ള സർക്കാർ നീക്കത്തിനെതിരേ കേന്ദ്ര അഡഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ ഹർജി സ്വീകരിച്ച ട്രൈബ്യൂണൽ ഈ വിഷയത്തിൽ രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതി എന്ന കുറ്റം ചുമത്തി ജേക്കബ് തോമസിനെതിരേ സർക്കാർ അന്വേഷണം നടത്തിയിരുന്നു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ നടത്തിയ അന്വേഷണത്തിൽ ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായി എന്നാണ് കണ്ടെത്തിയത്. ഇതിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാർ ജേക്കബ് തോമസിനോട് നോട്ടീസ് നൽകി ആവശ്യപ്പെട്ടിരുന്നു.

ഓൾ ഇന്ത്യ സർവീസ് റൂൾസ് പ്രകാരം അച്ചടക്ക ലംഘനം നടത്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരേ തരംതാഴ്ത്തൽ, നിർബന്ധിത പിരിച്ചു വിടൽ എന്നീ നടപടികൾ സ്വീകരിക്കാവുന്നതാണ്. ജേക്കബ് തോമസിന്റെ കാര്യത്തിൽ ഇത്തരമൊരു നീക്കത്തിനാണ് സർക്കാർ മുതിരുന്നത്. വിശദീകരണം ലഭിച്ചതിനുശേഷം തരംതാഴ്ത്തൽ നടപടിക്ക് ഡിജിപിയെ വിധേയനാക്കുമെന്നാണ് അറിയുന്നത്. ഇതിനെതിരേയാണ് കേന്ദ്ര ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചിരിക്കുന്നത്. എന്നാൽ, ജേക്കബ് തോമസിനെതിരേ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി കൂടി വേണമെന്നുണ്ട്.

നിലവിൽ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയെന്ന അപ്രധാന പോസ്റ്റിലാണ് ജേക്കബ് തോമസിനെ സർക്കാർ നിയമിച്ചിരിക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ വിമർശകൻ കൂടിയായ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ അപ്രീതി പിടിച്ചു പറ്റിയ ഉദ്യോഗസ്ഥനുമാണ്. 2017 മുതൽ രണ്ടു വർഷത്തോളം സസ്പെൻഷനിലായിരുന്നു ജേക്കബ് തോമസ് 2019 ലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളുമാണ്. 2020 മേയിൽ അദ്ദേഹം സർവീസിൽ നിന്നും വിരമിക്കും.

Story highlight: Central Tribunal, Jacob Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top