Advertisement

ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവം: സഭാ നേതൃത്വം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ഫാ. പോള്‍ തേലക്കാട്ട്

February 28, 2020
Google News 1 minute Read

തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തില്‍ സഭാ നേതൃത്വം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ഫാ. പോള്‍ തേലക്കാട്ട്. ഭയപ്പാടില്‍ നിന്നെടുത്ത തീരുമാനങ്ങള്‍ അബദ്ധങ്ങളായി വന്നു പിഴച്ചു. വലിയ ദുരന്തങ്ങള്‍ക്കാണ് അത് വഴി വെച്ചതെന്നും ഫാ. പോള്‍ തേലക്കാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.

തൊടുപുഴ ന്യൂമാന്‍ കോളജില്‍ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ അധ്യാപകനോട് സഭാ നേതൃത്വം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ഏറ്റു പറയുകയാണ് ഫാ പോള്‍ തേലക്കാട്ട്.

കോളജിന്റെ ഭരണാധികാരികള്‍ ഭയപ്പെട്ടു എന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയത്തില്‍ നിന്നാണ് തീരുമാനങ്ങള്‍ ഉണ്ടായത്. സത്യസന്ധമായി എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്തതാണ് ടി ജെ ജോസഫിനുണ്ടായ ദുരന്തങ്ങള്‍ക്ക് വഴി വച്ചത്. സഭയ്ക്കും ബന്ധപ്പെട്ട ആളുകള്‍ക്കും അതില്‍ വേദനയുണ്ടെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

സര്‍ക്കാര്‍ പോലും അധ്യാപകന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. അന്ന് ആദര്‍ശം പറയുന്ന ആളുകള്‍ പോലും സംരക്ഷിക്കാനല്ല നോക്കിയത്. പലരും ഉത്തരവാദിത്വപരമായ കാര്യങ്ങള്‍ ചെയ്തില്ല എന്നുള്ളതാണ് വാസ്തവം. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിലാണ് സഭയ്ക്കും ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്.

സഭയിലുള്ളവര്‍ക്ക് ദുഃഖമുണ്ടെന്ന് അധ്യാപകനറിയാം. സഭയ്ക്ക് പറ്റിയ അപരാധം തുറന്ന് പറയാനുള്ള ആര്‍ജവം സഭയിലെ പലര്‍ക്കുമുണ്ട്. അദ്ദേഹത്തെ ഒന്നിച്ചു നിര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും അതങ്ങനെ തന്നെ ചെയ്യുമെന്നും ഫാ. പോള്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

Story Highlights: newman college thodupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here