നിർഭയ കേസ്; തിരുത്തൽ ഹർജി നൽകി പ്രതി പവൻകുമാർ ഗുപ്ത

നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പ്രതി പവൻകുമാർ ഗുപ്ത സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു. പവൻകുമാറിന് മാത്രമാണ് നിയമപരിഹാര വഴികൾ അവശേഷിക്കുന്നത്. തിരുത്തൽ ഹർജി നൽകിയതോടെ മാർച്ച് മൂന്നിലെ വധശിക്ഷ അനിശ്ചിതത്വത്തിലായി.
വധശിക്ഷയ്‌ക്കെതിരെയാണ് പവൻകുമാറിന്റെ തിരുത്തൽ ഹർജി. നേരത്തെ വിവിധ കോടതികൾ പ്രതികൾക്ക് നിയമപരിഹാരം തേടാൻ സമയം അനുവദിച്ചെങ്കിലും തിരുത്തൽ ഹർജിയോ ദയാഹർജിയോ സമർപ്പിക്കാൻ പവൻകുമാർ തയാറായിരുന്നില്ല. ഡൽഹി പട്യാല ഹൗസ് കോടതി ഈ മാസം പതിനേഴിന് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പവൻകുമാർ ഗുപ്ത സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹർജി കോടതി തള്ളിയാലും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ സമയം ലഭിക്കും. ഇതോടെ മാർച്ച് മൂന്നിന് നിശ്ചയിച്ചിരിക്കുന്ന വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്നാണ് സൂചന. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിംകോടതി തീർപ്പ് കൽപിച്ചിട്ടുമില്ല. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു.
story highlights- Pawan gupta, nirbhaya case