Advertisement

കൊറോണ വൈറസ്; അപകടസാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന

February 29, 2020
Google News 1 minute Read

കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കയേറുന്നു. ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് ഉയര്‍ത്തി. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 83,000 കടന്നെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 കടന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ദിവസേന കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ചൈന അറിയിച്ചു.
അമേരിക്കയില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കൊറോണ ബാധിത മേഖലകളിലോ ആളുകളുമായോ സമ്പര്‍ക്കമില്ലാത്ത ആള്‍ക്കാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ജപ്പാനിലെ രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് കപ്പലിലുള്ളവര്‍ക്കാണ് സ്ഥിരീകരിച്ചത്.

ഫ്രാന്‍സിലും പുതിയതായി 19 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐസ്‌ലന്‍ഡ്, മെക്‌സിക്കോ, ന്യൂസിലന്‍ഡ്, ബെലാറസ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങി ആറ് രാജ്യങ്ങളില്‍ കൂടി ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ വ്യാഴാഴ്ച മാത്രം വൈറസ് ബാധിച്ച് മരിച്ചത് 210 ഓളം പേരാണെന്നാണ് ആരോഗ്യരംഗത്ത് നിന്നുള്ള വിവരം. ഇത് ഔദ്യോഗിക സര്‍ക്കാര്‍ കണക്കുകളേക്കാള്‍ ആറിരട്ടി കൂടുതലാണ്.

ജെനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയടക്കം ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും മാര്‍ച്ച് 15വരെ റദ്ദാക്കിയിട്ടുണ്ട്. ആഗോള വിപണി അടക്കം വ്യാപാര മേഖലകളെയെല്ലാം ഇത് സാരമായി ബാധിച്ചു. ഓഹരി വിപണിയില്‍ വന്‍ ഇടിവ് വന്നതോടെ ആഗോള സാന്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കപ്പെടുമോ എന്ന ഭീതിയും നിക്ഷേപകര്‍ക്കിടയിലുണ്ട്.

Story Highlights: coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here