കുടിശികയിനത്തിൽ 18,000 കോടി രൂപ കേന്ദ്ര സർക്കാരിലേക്ക് അടച്ച് ഭാരതി എയർടെൽ

ക്രമീകരിച്ച മൊത്ത വരുമാന കുടിശിക(എജിആർ) ഇനത്തിൽ 18,000 കോടി രൂപ കേന്ദ്ര സർക്കാരിലേക്ക് അടച്ചതായി ഭാരതി എയർടെൽ. സ്വയം വിലയിരുത്തൽ ദൗത്യത്തിനുശേഷം ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്(ഡിഒടി) 18,000 കോടി രൂപയുടെ പൂർണവും അന്തിമവുമായ എജിആർ ബന്ധിത കുടിശിക അടച്ചെന്നാണ് സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചിരിക്കുന്നത്.
എയർടെലിന്റെ മൊത്തം എജിആർ-ലിങ്ക്ഡ് കുടിശ്ശിക 35,500 കോടിയാണ്. 2006-07 സമ്പത്തിക വർഷം മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയാളവിൽ സ്വയം വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്നും എജിആർ വിധി ന്യായത്തിന് അനുസൃതമായി 2020 ഫെബ്രുവരിയുള്ള പലിശയുണ്ടെന്നും എയർടെൽ വിശദീകരിക്കുന്നു.
ടാറ്റ ടെലി സർവീസ് കമ്പനിക്കു പിന്നാലെയാണ് എയർടെല്ലും എജിആർ കുടിശിക അടച്ചിരിക്കുന്നത്. ടാറ്റ ടെലി സർവീസ് 2,197 കോടി രൂപയാണ് അടച്ചത്. പൂർണമായ കുടിശിക തുകയാണ് തങ്ങൾ അടച്ചിരിക്കുന്നതെന്നും ഇത് അന്തിമമായ പേയ്മെന്റ് ആണെന്നുമാണ് കമ്പനി പറഞ്ഞരിക്കുന്നത്.
അതേസമയം, ടാറ്റ ടെലി സർവീസിന്റെ എജിആർ കുടിശികയായി കേന്ദ്ര സർക്കാർ കണക്കാക്കിയിരിക്കുന്നത് 14,000 കോടി രൂപയാണ്. ക്രമീകരിച്ച എജിആർ ആയി നിലവിലുള്ള ടെലികോം കമ്പനികൾ കേന്ദ്ര സർക്കാരിലേക്ക് അടയ്ക്കേണ്ടത് 1.47 ലക്ഷം കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 50,000 കോടിയിലധികം എജിആർ കുടിശ്ശികയുള്ള വോഡാഫോൺ ഐഡിയ ഇതുവരെ 3,500 കോടി മാത്രമാണ് കേന്ദ്രത്തിലേക്ക് അടച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here