പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ത്ഥിയോട് ഇന്ത്യ വിടാന്‍ നിര്‍ദേശം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ പൗരനായ വിദ്യാര്‍ത്ഥിയോട് ഉടന്‍ ഇന്ത്യ വിടാന്‍ നിര്‍ദേശം. ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയും പോളണ്ട് പൗരനുമായ കാമില്‍ സെയ്‌ഡെന്‍സ്‌കിനോടാണ് ഉടന്‍ ഇന്ത്യ വിടണമെന്ന് ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ നിര്‍ദേശിച്ചത്. 15 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.

വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ബംഗ്ലാദേശി വിദ്യാര്‍ത്ഥിയോടും അധികൃതര്‍ നേരത്തെ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല കാമ്പസില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു ബംഗ്ലാദേശി വിദ്യാര്‍ത്ഥിയോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ഇത്തരത്തില്‍ പോളിഷ് വിദ്യാര്‍ത്ഥിയെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് എന്ന ആരോപണവുമായി ജാദവ്പുര്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ബംഗാളി പത്രത്തില്‍ പ്രസിദ്ധീകരിച്ച വിദേശ വിദ്യാര്‍ത്ഥിയുടെ അഭിമുഖം ചിലര്‍ അധികൃതര്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Story Highlights: Foreign Student, Participated in Citizenship Protest,  leave India
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top