പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം ; മേഘാലയയില്‍ മൂന്ന് മരണം

മേഘാലയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്. സംഘര്‍ഷം തുടരുന്നതിനാല്‍ ഷില്ലോങ്ങിലെ പ്രദേശങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മുതല്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകും വരെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി.

വെള്ളിയാഴ്ച്ചയാണ് മേഘാലയയിലെ ഷിലോങ്ങില്‍ സംഘര്‍ഷം തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഖാസി സ്റ്റുഡന്‍സ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേര്‍ന്ന് പ്രതിഷേധ റാലി നടത്തിരുന്നു. ഈ പ്രതിഷേധത്തെ ചോദ്യം ചെയ്ത് ഗോത്ര ഇതര വിഭാഗം രംഗത്ത് വന്നതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതര സംസ്ഥാനക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് മേഘാലയയിലാകെ ഏര്‍പ്പെടുത്തമെന്നാവശ്യപ്പെട്ടായിരുന്നു ഖാസി സ്റ്റുഡന്‍സ് യൂണിയന്റെ പ്രതിഷേധം.

സംഘര്‍ഷത്തില്‍ ഖാസി സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് ലുര്‍ഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ സംഘര്‍ഷം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഉപാസ് ഉദ്ദീന്‍ (37) എന്ന അസം സ്വദേശി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Story Highlights: protests citizenship amendment act , Three killed in Meghalaya
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top