കരുണ സംഗീതനിശ; ടിക്കറ്റിന്റെ കൗണ്ടര്‍ഫോയിലുകള്‍ അന്വേഷണ സംഘത്തെ ഏല്‍പിച്ചു

കരുണ സംഗീതനിശ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സൗജന്യമായി നല്‍കിയെന്ന് സംഘാടകര്‍ പറയുന്ന ടിക്കറ്റിന്റെ കൗണ്ടര്‍ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റും അന്വേഷണ സംഘത്തെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ ഏല്‍പിച്ചു .സൗജന്യ ടിക്കറ്റ് വാങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഹൈബി ഈഡന്‍ എംപിയുടെ മൊഴിയെടുക്കും.

കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ ഈവന്റ് ഏറ്റെടുത്ത ഇംപ്രാസാരിയോയാണ്  സൗജന്യ ടിക്കറ്റുകളുടെ കൗണ്ടര്‍ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റും അന്വേഷണ സംഘത്തിന് നല്‍കിയത്. സൗജന്യമായി നല്‍കിയ ടിക്കറ്റുടെ കൃത്യമായ കണക്ക് ലഭിക്കുന്നതിന് കൗണ്ടര്‍ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റും നല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

മൂവായിരത്തിലധികം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയതായാണ് സംഘാടകരുടെയും ഇംപ്രസാരിയോ ഉടമകളുടേയും മൊഴി. ഇക്കാര്യം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സിപിഐഎമ്മിന്റെ ഓഫീസിലും ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിലുമടക്കം സൗജന്യ ടിക്കറ്റുകള്‍ നല്‍കിയെന്നും മൊഴിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിപിഐഎം നേതാക്കളുടേയും ഹൈബി ഈഡന്‍ എംപിയുടേയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.

സൗജന്യ ടിക്കറ്റുള്‍ ലഭിച്ചോ എന്ന കാര്യം ഉറപ്പ് വരുത്താനാണ് അന്വേഷണ സംഘം ഇവരുടെ മൊഴിയെടുക്കുന്നത്. അതേസമയം, താനോ തന്റെ ഒഫീസോ സൗജന്യ ടിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ഹൈബി ഈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Story Highlights: Karuna Music Night

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top