നിർഭയ കേസ്; പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി

നിർഭയ കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ പ്രതി പവൻ കുമാർ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിയുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ചേബറിൽ ഹർജി പരിഗണിച്ചത് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു. നേരത്തെ തന്നെ മറ്റ് മൂന്ന് പ്രതികളുടെ തിരുത്തൽ ഹർജിയും ദയാ ഹർജിയും തള്ളിയിരുന്നു. ദയാഹർജി സമർപ്പിക്കാൻ പവൻകുമാറിന് സമയം ലഭിക്കും. ഇന്ന് തന്നെ ദയാ ഹർജി സമർപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വധശിക്ഷ നടപ്പാക്കൽ നീണ്ടുപോയേക്കും. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്ന ദിവസങ്ങളും, ദയാഹർജി തള്ളുകയാണെങ്കിൽ ജയിൽ ചട്ടപ്രകാരം പതിനാല് ദിവസം കൂടിയും പവൻ കുമാറിന് ലഭിക്കും.
Read Also: നിർഭയ കേസ്: വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം
മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന് പ്രതി അക്ഷയ് കുമാർ സിഗ് നൽകിയ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതിക്ക് പുതിയ ദയാഹർജി സമർപ്പിക്കണമെന്നാണ് ആവശ്യം. നേരത്തെ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പുതിയ ദയാഹർജി സമർപ്പിക്കണമെന്നുമാണ് അക്ഷയ് കുമാർ സിംഗിന്റെ ഹർജിയിൽ പറയുന്നത്. പവൻ കുമാർ ഗുപ്തയും മരണ വാറന്റ് സ്റ്റേ ചെയ്യാൻ ഹർജി നൽകിയിട്ടുണ്ട്.
വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിംകോടതി ഇതുവരെ തീർപ്പ് കൽപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ നാളെ വധശിക്ഷ നടപ്പാക്കൽ സാധ്യമല്ലെന്നാണ് വിലയിരുത്തൽ. അക്ഷയ് കുമാർ സിംഗിന്റെ ഹർജിയിൽ ജയിൽ അധികൃതർ ഇന്ന് നിലപാട് അറിയിക്കും.
nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here