Advertisement

അമിത രക്ത സമ്മർദം- കാരണങ്ങളും പരിഹാരങ്ങളും

March 3, 2020
Google News 2 minutes Read

അമിത രക്ത സമ്മർദം (hyper tension) എന്ന രോഗാവസ്ഥയെക്കുറിച്ച് കേരളത്തിലുള്ളവർക്കായാലും വിദേശത്തുള്ളവർക്കായാലും അവബോധം കുറവാണ്. ലക്ഷണങ്ങളെ അവഗണിച്ച് വിടുന്ന രോഗികൾ ഇതിനായി ഡോക്ടറേയും സമീപിക്കാറില്ല. മറ്റ് ബുദ്ധിമുട്ടുകൾ കൊണ്ട് ആശുപത്രിയിലെത്തുമ്പോഴായിരിക്കും അമിത രക്ത സമ്മർദമുള്ള കാര്യം മനസിലാക്കുക. പല രോഗങ്ങളുടെയും വഴികാട്ടിയാണ് രക്താതി സമ്മർദം അഥവാ അമിത രക്ത സമ്മർദം. അതിനാൽ തന്നെ നിശബ്ദ കൊലയാളി (silent killer) എന്നാണ് അമിത രക്ത സമ്മർദം അറിയപ്പെടുന്നത്. ഈ കാലത്ത് യുവാക്കളിൽ വരെ അമിതമായ രക്ത സമ്മർദത്തിന് സാധ്യത വളരെ കൂടുതലാണ്.

ലോകത്താകമാനം 25 വയസിന് മുകളിൽ പ്രായമുള്ള 40 ശതമാനം ആളുകൾക്കും അമിത രക്ത സമ്മർദം ഉണ്ടെന്നതാണ് കണക്ക്. കേരളത്തിലെ നഗര പ്രദേശങ്ങളിലുള്ളവർക്ക് 30 ശതമാനത്തിനും രക്ത സമ്മർദം കൂടുതലാണ്. എന്നാൽ അതിൽ തന്നെ പകുതി പേരും ഇതറിഞ്ഞിട്ടില്ലെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.

എന്താണ് അമിത രക്ത സമ്മർദം?

പ്രായപൂർത്തിയായ വ്യക്തിയുടെ ശരീരത്തിലുള്ളത് ശരാശരി നാല് ലിറ്റർ രക്തമാണ്. ഇത് പമ്പ് ചെയ്ത് പോഷകം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. പൈപ്പിലൂടെ വെള്ളമെഴുകുന്നതിന് സമാനമാണിത്. ഇതിനായി ആരോഗ്യമുള്ള ഹൃദയവും രക്തക്കുഴലുകളും വേണം.

ധമനികളിലൂടെ രക്തം പ്രവഹിക്കുമ്പോൾ ഭിത്തികളിൽ എൽപ്പിക്കുന്ന മർദമാണ് രക്ത സമ്മർദം. വിശ്രമാവസ്ഥയിൽ രക്ത സമ്മർദം 120/ 80 മില്ലിമീറ്റർ മെർക്കുറിയാണ്. ഇത് കൂടുമ്പോഴാണ് അമിത രക്ത സമ്മർദമെന്ന് പറയുക. പരിശോധിക്കുന്നതിലൂടെ മാത്രമേ സാധാരണയിൽ അധികമായി രക്ത സമ്മർദമുണ്ടോ എന്ന് ഉറപ്പിക്കാനാകൂ. അത് പരിശോധിച്ചാലേ അറിയാൻ സാധിക്കുകയുള്ളൂ.

ഒരു തവണയുള്ള പരിശോധനയിലൂടെ ഒരിക്കലും ഒരാൾക്ക് അമിത രക്ത സമ്മർദമുണ്ടെന്ന് കണ്ടെത്താൻ സാധിക്കില്ല. രണ്ടോ മൂന്നോ വട്ടം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ രോഗാവസ്ഥയുണ്ടെന്ന് ഉറപ്പിക്കാനാകൂ. കൂടാതെ അയാളുടെ ജീവിത സാഹചര്യങ്ങൾ കൂടി ഇതിൽ പരിഗണിക്കേണ്ടി വരും. ഡോക്ടറെ കണ്ടതുകൊണ്ടോ അല്ലെങ്കിൽ ജീവിത പ്രശ്‌നങ്ങളുടെ ഭാഗമായോ താത്കാലികമായി ഹൃദയ മിടിപ്പ് ഏറിയതാണെങ്കിൽ അത് മനസിലാക്കി രോഗിയോട് ചോദിച്ചറിഞ്ഞ ശേഷം മാത്രമേ അമിത രക്ത സമ്മർദമുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയൂ എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.

കാരണങ്ങൾ

പുതിയ കാലത്ത് അമിത രക്ത സമ്മർദം ആളുകൾക്ക് വരാൻ സാധ്യത കൂടുതലാണ്. ആഗോളവത്കരണവും നഗരവത്കരണവും കാരണമാണ് ആളുകളിൽ അമിത രക്ത സമ്മർദമുണ്ടാകുന്നതിനുള്ള സാധ്യത വർധിച്ചത്. ഭക്ഷണത്തിലും ജീവിത രീതിയിലും വന്ന ചില മാറ്റങ്ങളാണിതിന് കാരണം. അവ താഴെ കൊടുത്തിരിക്കുന്നു.

  • അമിത ഭാരം

 

  • മദ്യവും സിഗരറ്റും അടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം

 

  • ഉറക്കമില്ലായ്മ

 

  • മാനസിക സമ്മർദം

 

  • വ്യായാമക്കുറവ്

 

ലക്ഷണങ്ങൾ

അമിത രക്ത സമ്മർദത്തിന് ലക്ഷണങ്ങളുണ്ട്. ഇതൊന്നും 70 ശതമാനം ആളുകളിലും ഉണ്ടാകണമെന്നില്ല. അതിനാൽ തന്നെ രക്ത സമ്മർദം പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ലക്ഷണങ്ങൾ ഇവയെല്ലാം,

  • തലയുടെ പിൻഭാഗത്തുള്ള തലവേദന

 

  • നെഞ്ചിടിപ്പ്

 

  • കിതപ്പ്

 

  • നെഞ്ചിന് മുറുക്കം

 

വീട്ടിലിരുന്നും രക്ത സമ്മർദം അളക്കാം

രക്ത സമ്മർദം അളക്കുന്നത് മാനോ മീറ്റർ ഉപയോഗിച്ചാണ്. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഡിജിറ്റൽ മാനോ മീറ്ററുകൾ എല്ലാം കൃത്യം റീഡിംഗ് ആണ് കാണിക്കുന്നത്. വീട്ടിൽ തന്നെ രക്ത സമ്മർദം അളക്കാം. രാവിലെ എണീറ്റത് ശേഷം വെറും വയറ്റിലാണ് രക്ത സമ്മർദം അളക്കേണ്ടത്. സോഫയിലോ കസേരയിലോ ഇരുന്ന് വിശ്രമാവസ്ഥയിലാണ് രക്ത സമ്മർദം അളക്കേണ്ടത്.

അമിത രക്ത സമ്മർദം നയിക്കുന്നത് എന്തിലേക്ക്?

വായിച്ചും അറിഞ്ഞും നിരവധി രോഗങ്ങളെക്കുറിച്ച് ആളുകൾക്ക് അറിയാമെങ്കിലും ശ്രദ്ധിക്കാതെ പോകുന്ന അസുഖമാണ് അമിത രക്ത സമ്മർദം. അറിഞ്ഞാൽ വളരെ എളുപ്പം നിയന്ത്രിക്കാം. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കും കാരണമാകുന്നത് അഞ്ചോ പത്തോ വർഷം അനിയന്ത്രിതമായി, ശ്രദ്ധ കൊടുക്കാതിരിക്കുന്ന അമിത രക്ത സമ്മർദമാണ്. നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകൾക്ക് തകരാർ, കണ്ണിൽ രക്തസ്രാവം, കാഴ്ചക്കുറവ്, മസ്തിഷ്‌കാഘാതം എന്നീ പ്രശ്‌നങ്ങളിലേക്ക് അമിത രക്ത സമ്മർദം നയിക്കുന്നു.

വൃക്കകളിലെ തകരാർ കൊണ്ട് അമിത രക്ത സമ്മർദം വരാം. അതുപോലെ തന്നെ അമിത രക്ത സമ്മർദം കാരണം വൃക്കകൾക്ക് തകരാറും സംഭവിക്കാം. അമിതമായ രക്ത സമ്മർദം മൂലം കണ്ണിനുണ്ടാകുന്ന മാറ്റങ്ങൾ രക്തസ്രാവമുണ്ടാകുന്നതിനോ അല്ലെങ്കിൽ കാഴ്ച തന്നെ നഷ്ടപ്പെടുന്നതിനോ കാരണമായേക്കാം. കണ്ണിലെ ഒരു പ്രധാന ഭാഗത്തിന് അമിത രക്ത സമ്മർദം കാരണം നീര് വരുന്ന സാധ്യതയുമുണ്ട്.

തെറ്റിധാരണകൾ

  • അമിത രക്ത സമ്മർദത്തിന് മരുന്ന് കഴിച്ചാൽ വൃക്ക തകരാറിലാകുമോ?

അമിത രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നത് മൂലം അവയവങ്ങൾക്ക് കേടുപാടുകൾ വരാതിരിക്കാൻ വളരെ അധികം ശ്രദ്ധിച്ചാണ് ഡോക്ടർമാർ ഗുളിക കുറിക്കുന്നത്. അതിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ല.

  • ബിപിയുടെ മരുന്നുകൾ ആജീവനാന്തം കഴിക്കേണ്ടതായുണ്ടോ?

പ്രായാധിക്യം മൂലം രക്തക്കുഴലുകൾക്ക് കട്ടി വയ്ക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അമിത രക്ത സമ്മർദത്തിന് (പ്രൈമറി ഹൈപ്പർ ടെൻഷൻ) ഒരു ശാശ്വത പരിഹാരമുണ്ടാകണമെന്നില്ല. പക്ഷേ മറ്റ് കാരണങ്ങൾകൊണ്ട് വരുന്ന അമിത രക്ത സമ്മർദത്തിന് (സെക്കണ്ടറി ഹൈപ്പർ ടെൻഷൻ) ആജീവനാന്തം മരുന്ന് കഴിക്കേണ്ടതില്ല.

എങ്ങനെ നിയന്ത്രിക്കാം?

നമ്മുടെ ജീവിത ശൈലിയോട് വളരെ ബന്ധപ്പെട്ടു കിടക്കുന്ന രോഗമാണിത്. ചിട്ടയായ ജീവിത ശൈലി പാലിക്കുന്നതിലൂടെ അമിത രക്ത സമ്മർദത്തെ ഒഴിക്കാം.

  • സമീകൃത ആഹാരം കഴിക്കുക. രക്ത സമ്മർദത്തിന് ഉപ്പ് ഒരു വില്ലനാണ്. ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം കുറക്കുക. ഇന്ത്യക്കാരിൽ ഉപ്പിന്റെ ഉപയോഗം വളരെ കൂടുതലാണ്. 2-4 ഗ്രാമാണ് ഒരു മനുഷ്യന് ദിവസവും ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ്. എന്നാൽ ദിവസവും 10-15 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട് ഇന്ത്യക്കാർ. അച്ചാർ, പപ്പടം, ചമ്മന്തി, ഉണക്ക മീൻ തുടങ്ങിയവയിൽ വളരെയധികം ഉപ്പാണുള്ളത്. മേശപ്പുറത്ത് ഉപ്പ് വയ്ക്കാതിരിക്കുക, ഉപ്പ് കൂടുതലുള്ള ആഹാരം ഒഴിവാക്കുക (റെഡിമേയ്ഡ് ഫൂഡ്‌സ്, ഹോട്ടൽ ഫൂഡ്, ജങ്ക് ഫൂഡ് തുടങ്ങിയവ).

 

  • വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നില നിർത്തുക. ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കുക. അല്ലെങ്കിൽ എല്ലാ ദിവസവും 20- 25 മിനിറ്റ് ചിട്ടയായി വ്യായാമം ചെയ്യുക.

  • പുകവലിയും മദ്യപാനവും നിയന്ത്രണ വിധേയമാക്കുക. കഴിയുമെങ്കിൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.

 

  • ഉറക്കവും പ്രധാനം: ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ് ഉറക്കം. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെ ഉറങ്ങുന്ന ആളിന്റെ ആരോഗ്യം എന്തായാലും വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്ന ഒരാളിന് ഉണ്ടാകില്ല. രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുക, കൃത്യ സമയത്തുള്ള ഉറക്കം പതിവാക്കുക. ചായയോ കാപ്പിയോ വൈകുന്നേരം ആറ് മണിക്ക് ശേഷം ഒഴിവാക്കുക.

 

  • മാനസികോല്ലാസത്തിന് പ്രാധാന്യം നൽകുക. മാനസിക സമ്മർദം ഒഴിവാക്കാൻ യോഗ നല്ലതാണ്. ശ്വാസന വ്യായാമങ്ങൾ ചെയ്യുക. നിങ്ങൾക്ക് മാനസികോല്ലാസം നൽകുന്നത് എന്താണോ അതിലേക്ക് ശ്രദ്ധ തിരിക്കുക.

 

  • കുടുംബത്തിന്റെ പിന്തുണ. ഗുളിക ശരിയായ സമയത്ത് കഴിക്കാനും രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണം കഴിക്കാനും കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. കൂടാതെ റെഗുലർ ചെക്ക് അപ്പിനും രക്ത സമ്മർദ നിയന്ത്രണത്തിൽ വലിയ പ്രധാന്യമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here