പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍

കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍. പ്രളയ ഫണ്ടായ രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിനും ഭാര്യ ഷിന്റോയുമാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്.

സിപിഐഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗമായ എന്‍എന്‍ നിധിന്‍ പ്രളയ ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ ഭാര്യയായ ഷിന്റോയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ സഹായത്തോടെ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ച് മറ്റൊരു പ്രതിയായ മഹേഷിന് നല്‍കിയെന്നാണ് നിധിന്‍ മൊഴി നല്‍കിയത്.

ഷിന്റോയുടെ അക്കൗണ്ട് പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ഇവര്‍ പണം തട്ടിയെടുത്തതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് നിധിന്റേയും ഭാര്യയുടേയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. എറണാകുളം ബോട്ട് ജെട്ടിയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.

മഹേഷും മറ്റൊരു സിപിഐഎം നേതാവായ അന്‍വറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.പ്രതികളെ ബാങ്കിലും വീട്ടിലുമെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. അതേസമയം, കേസിലെ മുഖ്യ പ്രതികളിലൊരാളായ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്.

Story Highlights: cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top