പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ചികിത്സക്കായി സ്ഥലം വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടു

അന്തേവാസികള്‍ തുടര്‍ച്ചയായി മരിച്ച ചങ്ങനാശേരി പുതുജീവന്‍ മാനസിക ആരോഗ്യ കേന്ദ്രത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ചികിത്സക്കായി സ്ഥലം വിറ്റ് പണം നല്‍കാന്‍ സ്ഥാപനം ആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞ വര്‍ഷം മരിച്ച കുര്യാക്കോസ് ജോസഫിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അധിക ഡോസില്‍ മരുന്ന് നല്‍കിയതായി സംശയമുണ്ടെന്നും ആരോപണമുയര്‍ന്നു.

പുതുജീവന്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി നാലുകോടിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് കോട്ടയം ഞീഴൂര്‍ സ്വദേശി കുര്യാക്കോസ് ജോസഫ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കളുടെ പ്രതികരണം. അമിത അളവില്‍ മരുന്നു നല്‍കിയിരുന്നതായി സംശയിക്കുന്നുവെന്ന് കുര്യാക്കോസിന്റെ സഹോദരി ഭര്‍ത്താവ് ആരോപിച്ചു.

ചികിത്സയ്ക്കായി ഏഴ് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പണം തികയില്ലെന്ന് അറിയിച്ചപ്പോള്‍ ഭൂമി വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഒരാഴ്ചക്കിടെ മൂന്ന് മരണങ്ങള്‍ ഉണ്ടായതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യവകുപ്പും, ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിരുന്നു.

എഡിഎം നടത്തിയ തെളിവെടുപ്പില്‍ എട്ട് വര്‍ഷത്തിനിടെ 33 മരണങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതോടെ പുതുജീവന്‍ ട്രസ്റ്റിന്റെ സാനിട്ടേഷന്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ സമരവും ശക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top