Advertisement

വനിതാ ടി-20 ലോകകപ്പ് സെമി ഫൈനൽ: ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; കഴിഞ്ഞ ലോകകപ്പ് സെമി ആവർത്തിക്കുമോ?

March 5, 2020
Google News 2 minutes Read

വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെമെൻ്റിൽ തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യ ആ കുതിപ്പ് സെമിയിലും തുടരാനാവുമെന്ന വിശ്വാസത്തിലാണ്. അതേ സമയം, സമീപകാലത്തായി ലോകകപ്പുകളിലെ നോക്കൗട്ട് റൗണ്ടുകളിൽ ഇന്ത്യക്കെതിരെ നേടിയ ജയങ്ങൾ ഇംഗ്ലണ്ടിനും ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പ്, 50 ഓവർ ലോകകപ്പ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ഇന്ത്യയെ പുറത്താക്കിയത് ഇംഗ്ലണ്ട് ആയിരുന്നു.

2017ൽ നടന്ന 50 ഓവർ ലോകകപ്പിൻ്റെ ഫൈനലിലാണ് ആദ്യം ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസാണ് നേടിയത്. താരതമ്യേന ബുദ്ധിമുട്ടില്ലാത്ത ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യയെ 6 വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രബ്സോൾ അരിഞ്ഞു വീഴ്ത്തി., പൂനം റൗത്ത് (86), ഹർമൻപ്രീത് കൗർ (51), വേദ കൃഷ്ണമൂർത്തി (35) എന്നിവർ പൊരുതിയെങ്കിലും 9 റൺസിൻ്റെ തോൽവി വഴങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. ഗ്രൂപ്പ് മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ വിജയിച്ചിരുന്നു. പക്ഷേ, നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ പരാജയപ്പെട്ടു.

ശേഷം 2018ലെ ടി-20 ലോകകപ്പ് സെമിഫൈനലിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടി. മുതിർന്ന താരങ്ങളെയൊക്കെ മാറ്റി യുവരക്തങ്ങളുമായി ടൂർണമെൻ്റിനെത്തിയ ഇന്ത്യ ഒരിക്കൽ കൂടി ഇംഗ്ലണ്ടിനു മുന്നിൽ കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 112 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. സ്മൃതി മന്ദന (34), ജമീമ റോഡ്രിഗസ് (26) എന്നിവരൊഴികെ മറ്റാരും തിളങ്ങിയില്ല. മറുപടിയായി 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിച്ചു. ഏമി ജോൺസും നതാലി സിവറും അർധസെഞ്ചുറികൾ നേടി. ലോകകപ്പിനു മുൻപ് നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. പക്ഷേ, നോക്കൗട്ടിൽ പരാജയപ്പെട്ടു.

വീണ്ടും ഒരു ലോകകപ്പ്. വീണ്ടും നോക്കൗട്ട് റൗണ്ട്. ഷഫാലി വർമ്മയിൽ തുടങ്ങി വേദ കൃഷ്ണമൂർത്തി വരെ തുടരുന്ന സ്ട്രോങ് ബാറ്റിംഗ് ലൈനപ്പ് ഇന്ത്യക്കുണ്ട്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ സ്പിന്നർ. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ സ്പിൻ വിഭാഗം. പവർ പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന ശിഖ പാണ്ഡെ. ഇന്ത്യ ശക്തരാണ്.

Story Highlights: Womens t-20 world cup semifinal india vs england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here