ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്

കൊല്ലം ഇളവൂരിലെ ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറൻസിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. കെ.ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫോറൻസിക്ക് വിദഗ്ദ്ധർ ഇളവൂർപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ നിഗമനം. ദേവനന്ദ മുങ്ങി മരിച്ചത് കുട്ടിയുടെ വീട്ടിൽ നിന്ന് 75 മീറ്റർ അകലെയുള്ള കുളിക്കടവിലായിരിക്കാം എന്നാണ് നിഗമനം.

ദേവനന്ദയുടെ വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളിക്കടവിലോ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക്ക് സംഘം പരിഗണിക്കുന്നത്. ദുർഘടം പിടിച്ച ഈ വഴിയിൽ പതിയിരിക്കുന്ന അപകട സാധ്യതയും ഫോറൻസിക്ക് വിദഗ്ദ്ധർ വിലയിരുത്തി. ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാൽ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മാത്രമല്ല മൃതശരീരത്തിന് 27 കിലോ മാത്രം ഭാരമായിരുന്നതിനാൽ 190 സെന്റിമീറ്റർ മാത്രം ആഴമുള്ളിടത്ത് വളരെ നേരത്തെ മൃതദേഹം പൊങ്ങുമായിരുന്നു. മുങ്ങി മരിച്ചപ്പോൾ തന്നെ ദേവനന്ദ ചെളിയിൽ താഴ്ന്നു പോകാനും ഇടയുണ്ടായിരുന്നു. ജലപരപ്പിൽ പൊങ്ങി ഒഴുക്കിൽപ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളു വള്ളിയിൽ കുടുങ്ങി നിന്നത് മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് എന്നും ഫോറൻസിക് കരുതുന്നു.

കുടവട്ടൂരിലെ വീട്ടിൽ ഒരു വർഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറൻസിക്ക് സംഘം പരിശോധിച്ചിരുന്നു. ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യതയാണ് ഫോറൻസിക് സംഘം പരിശോധിക്കുന്നത്.

Story Highlights: Devananda death forensic finding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top