ചരിത്രത്തിലേക്കൊരു ട്രെയിൻ യാത്ര; മാർച്ച് 8ന് വേണാട് എക്‌സ്പ്രസ് നിയന്ത്രിക്കുന്നത് വനിതകൾ

ചരിത്രത്തിലേക്കൊരു ട്രെയിൻ യാത്ര. ലോക വനിത ദിനമായ മാർച്ച് എട്ടിനാണ് സംസ്ഥാനത്ത് ഈ ചരിത്ര യാത്ര. അന്നേ ദിവസം എറണാകുളത്ത് നിന്നും രാവിലെ 10.15 ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് പൂർണമായും വനിതകളായിരിക്കും നിയന്ത്രിക്കുക. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്സ്മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൺ എല്ലാം വനിതകളായിരിക്കും. ഇതു കൂടാതെ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇൻഫർമേഷൻ സെന്റർ, സിഗ്‌നൽ, കാരേജ്, വാഗൺ എന്നീ വിഭാഗങ്ങളുടെ നിയന്ത്രണവും വനിതകൾക്കായിരിക്കും. റെയിൽവേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥരായിരിക്കും അന്നേ ദിവസത്തെ സുരക്ഷ ചുമതലയും നിർവഹിക്കുക.

ഏതൊക്കെ ജീവനക്കാരിയിരിക്കും അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക യാത്രയിൽ വേണാട് എക്സ്പ്രസ് നിയന്ത്രിക്കുകയെന്നുള്ള വിവരവും പുറത്തു വിട്ടിട്ടുണ്ട്. ടിപി ഗൊറാത്തി ആയിരിക്കും ട്രെയിനിലെ ലോക്കോ പൈലറ്റ്. വിദ്യ ദാസ് ആയിരിക്കും അസി. ലോക്കോ പൈലറ്റ്. എം ഷീജ ഗാർഡ് ആകുമ്പോൾ ഗീതാ കുമാരിയായിരിക്കും ടിടിഇ. പ്ലാറ്റ് ഫോം എസ് എം ആയി ദിവ്യയും ക്യാബിൻ എസ്എം ആയി നീതുവും ചുമതല നിർവഹിക്കും. പോയ്സ്മെൻ ഡ്യൂട്ടിയിൽ പ്രസീദ, രജനി എന്നിവരും മെക്കാനിക്കൽ സ്റ്റാഫായി സിന്ധു വിശ്വനാഥൻ, വി ആർ വീണ, എ കെ ജയലക്ഷ്മി, സൂര്യ കമലാസനൻ, ടി കെ വിനീത, ശാലിനി രാജു, അർച്ചന എന്നിവരും ഈ ചരിത്ര യാത്രയുടെ ഭാഗമാകും.

പൂർണമായും വനിതകളുടെ നിയന്ത്രണത്തിലുള്ള ഈ യാത്രയുടെ ചുക്കാൻ പിടിക്കുക ദക്ഷിണ റെയിൽവേ തിരുവനന്തപുരം ആയിരിക്കും. എറണാകുളം സൗത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിനിലെ വനിത ജീവനക്കാർക്ക് റെയിൽവേ വക പ്രത്യേക സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Story highlight: Veenad train,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top