ബോംബെ രവി എന്ന രവി ശങ്കർ ശർമ

ആരെയും ഭാവഗായകരാക്കുന്ന ആത്മസൗന്ദര്യമായി കവി വാഴ്ത്തിയത് നായികയെ ആയിരുന്നുവെങ്കിലും കവിയുടെ കാൽപ്പനികതയ്ക്ക് ഈണം ചമച്ച സംഗീതകാരനെ സംബന്ധിച്ചും ആ വരി അന്വർത്ഥമായിരുന്നു. ബോംബെ രവി എന്ന അതുല്യ സംഗീത സംവിധായകൻ എത്രയെത്ര പാട്ടുകൾ കൊണ്ടാണ് ആസ്വാദകരെയും ഭാവഗായകരാക്കി തീർത്തത്. രവിശങ്കർ ശർമ എന്ന ഉത്തരേന്ത്യക്കാരനാണ് മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, സാഗരങ്ങളെ പാടി പാടിയുണർത്തിയ, ചന്ദനലേപ സുഗന്ധം, അഞ്ചുശരങ്ങളും പോരാതെ ഗന്ധർവൻ, ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി, സംഗീതമേ അമര സല്ലാപമേ തുടങ്ങിയ മലയാളത്തനിമയുള്ള ഗാനങ്ങളുടെ ഗംഗാപ്രവാഹം ഒരുക്കിയതെന്നു പറഞ്ഞാൽ അത്ഭുതം തോന്നും. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി, ബോംബെ രവി എന്ന പേരിൽ രവിശങ്കർ ഒരുക്കിയ ഗാനങ്ങൾ ഇന്നും ചലച്ചിത്രഗാനാസ്വാദകരുടെ മനസിലെ നിളയിൽ നിരാടിക്കളിച്ചുകൊണ്ടേയിരിക്കുന്നു.

മറുനാട്ടിൽ നിന്നും മലയാളത്തിൽ പാട്ടൊരുക്കാൻ വന്നവർ പലരുണ്ട്. അവരെല്ലാം തന്നത് മറക്കാനാവാത്ത ഗാനങ്ങളുമായിരുന്നു. നൗഷാദ്, രവീന്ദ്ര ജയിൻ,ജിതിൻ ശ്യാം, ഉത്തം സിംഗ്, ലക്ഷ്മികാന്ത്-പ്യാരേലാൽ, വിശാൾ ഭരദ്വജ് തുടങ്ങിയവരൊക്കെ നമ്മുടെ പ്രിയപ്പെട്ടവർതന്നെ. എങ്കിലും സലിൽ ചൗധരിയെന്ന മലയാളിയുടെ പ്രിയപ്പെട്ട സലിൽധായക്ക് ശേഷം അത്രയേറെ നമ്മുടെ ഹൃദയത്തിന്റെ ഭാഗമായി മാറിയത് ബോംബേ രവിമാത്രമാണ്. ഒരോ വാക്കിന്റെ പോലും അർത്ഥവും ആഴവും അറിഞ്ഞ്, അവയ്ക്ക് സംഗീതത്തിന്റെ ആത്മാവ് പകർന്നതുകൊണ്ടാണ് ബോംബെ രവിയുടെ ഗാനങ്ങൾ ഇന്നും മണമോലുന്ന ഇന്ദുപുഷ്പങ്ങളായി നമ്മുടെയുള്ളിൽ വിടർന്നു പരിലസിച്ചു നിൽക്കുന്നത്. 1986 ൽ എംടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ നഖക്ഷതങ്ങളിലൂടെയായിരുന്നു ബോംബേ രവി മലയാളത്തിൽ എത്തുന്നത്. പിന്നീട് രണ്ടു പതിറ്റാണ്ടോളം അദ്ദേഹം ഇവിടെ നിറഞ്ഞു നിന്നു. ഇതിനിടയിൽ പതിനഞ്ചോളം ചിത്രങ്ങൾക്കാണ് അദ്ദേഹം മലയാളത്തിൽ സംഗീതമൊരുക്കിയത്. ആ ഗാനങ്ങളെല്ലാം തന്നെ കാലാതിവർത്തിയായീ തീർന്നു എന്നിടത്താണ് ബോംബെ രവിയുടെ സ്ഥാനം പകരവയ്ക്കാനാവാത്ത് ആകുന്നത്.

സംഗീത ജന്മസിദ്ധമായി കിട്ടിയതാണെങ്കിലും കഷ്ടപ്പാടുകളിലൂടെയായിരുന്നു ബോംബെ രവി എന്ന സംഗീതജ്ഞന്റെ യാത്രയുടെ തുടക്കം. പിതാവ് പാടുന്ന ഭജനുകളിൽ കൂടി സംഗീതത്തിന്റെ മായാലോകത്തേക്ക് കടന്നു വന്ന രവി ഹാർമോണിയം ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ സ്വയം പഠിച്ചെടുക്കുകയായിരുന്നു. എന്നാൽ, ജീവിതത്തിന്റെ കഠിനതകൾ മറികടക്കാൻ സംഗീതംകൊണ്ട് മാത്രം കഴിയില്ലെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് കുടുംബം പുലർത്താൻ മറ്റു തൊഴിലുകൾ തേടേണ്ടി വന്നു. എന്നാൽ ദൈവം രവിയുടെ കാര്യത്തിൽ എഴുതിവച്ചിരുന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതം മാറി. 1950 ൽ ജന്മദേശമായ ഡൽഹിയിൽ നിന്നും ബോംബെയിൽ എത്തുന്നതോടെയായിരുന്നു ആ മാറ്റത്തിന് തുടക്കമാകുന്നത്. അവിടെയും ഏറെ അലച്ചിലുകൾ വേണ്ടി വന്നെങ്കിലും 1954 ൽ ഇറങ്ങിയ വചൻ എന്ന ചിത്രത്തിലൂടെ രവി സ്വതന്ത്ര സംഗീത സംവിധായകനായി. അവിടെ നിന്നങ്ങോട്ടാണ് ആ സംഗീതപ്രതിഭയുടെ ജൈത്രയാത്ര തുടങ്ങുന്നത്. ചൗധ്വികാ ചാന്ദ്, ഗുറോ, ദോ ബദൻ, ഹംരാസ്, ആംഖേൻ, വക്ത്, നീൽ കമൽ, നിക്കാഹ്…തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളൊരുക്കി രവി ഹിന്ദി സിനിമ ലോകത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ ചലച്ചിത്രഗാനാസ്വാദകരുടെയെല്ലാം ശ്രദ്ധനേടി. ആ കൂട്ടത്തിൽ രണ്ടു പേരായിരുന്നു എംടി വാസുദേവൻ നായരും ഹരിഹരനും. നഖക്ഷതങ്ങൾക്ക് സംഗീതമൊരുക്കാൻ രവിയെ തേടി എംടിയും ഹരിഹരനും ബോംബെയിലേക്ക് വണ്ടി കയറിയതും ആ ആരാധനയുടെ പുറത്തായിരുന്നു. ആ യാത്രയുടെ ഫലമാണ് മലയാളിക്ക് ബോംബെ രവിയെ കിട്ടിയതും.

നഖക്ഷതങ്ങൾക്ക് ശേഷം പഞ്ചാഗ്‌നി, വൈശാലി, ഒരു വടക്കൻ വീരഗാഥ,വിദ്യാരംഭം,സർഗം, സുകൃതം, സർഗം, ഗസൽ, പാഥേയം, പരിണയം, ഫൈവ് സാറ്റാർ ഹോസ്പിറ്റൽ തുടങ്ങി മയൂഖം വരെ പതിനാല് ചിത്രങ്ങൾ. ഓരേ ചിത്രങ്ങളിലേയും പാട്ടുകൾ ഒന്നിനെക്കാൾ മധുരമല്ലേ മറ്റൊന്നിന്റേതെന്നു തോന്നിപ്പിക്കും വിധം സുന്ദരമായവ. ഒഎൻവി, യൂസഫ് അലി കേച്ചേരി, കെ. ജയകുമാർ തുടങ്ങിയവരുടെ കവിതകളെ സ്വർണത്തിന് സുഗന്ധം പൂശുപോലെയാണ് രവി മനോഹരമാക്കിയത്. അതിനുള്ള പ്രതിഫലമായിരുന്നു രണ്ടു വട്ടം രവിയെ തേടിയെത്തിയ മികച്ച സംഗീക സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള ഈ മഹാനായ കലാകാരൻ 2012 മാർച്ച് ഏഴാം തീയതി തന്റെ 86 ആമത്തെ വയസിൽ ഭൂമിയിലെ സംഗീത സപര്യ പൂർത്തിയാക്കി മടങ്ങി. എങ്കിലും ഇന്നും ബോംബെ രവിയെ മറന്നിട്ടില്ല മലയാളി. ഇത്രയേരെ മധുരിക്കുന്ന ഗാനങ്ങൾ നൽകിയ ആ പ്രതിഭയെ സംഗീതമുള്ളിടത്തോളം ആർക്കും മറക്കാനും കഴിയില്ല.

Story highlight: Bombay ravi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top