Advertisement

കാബൂളിൽ ആക്രമണം; മരണം 32 ആയി

March 7, 2020
Google News 1 minute Read

അഫ്ഗാനിസ്താനിലെ കാബൂളിൽ പ്രതിപക്ഷ നേതാവ് അബ്ദുള്ള അബ്ദുള്ള പങ്കെടുത്ത പൊതുപരിപാടിക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. 61 പേർക്ക് പരുക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചു.

ഷിയാ നേതാവ് അബ്ദുൾ അലി മസാരിയുടെ 25-ാം ചരമവാർഷികത്തിൽ കാബൂളിന് സമീപമുള്ള ദഷ്തെ ബർച്ചി നഗരത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലാണ് ആക്രമണമുണ്ടായത്. തോക്കുമായി വന്ന ആളുകളാണ് ആക്രമണം നടത്തിയത്. അഫ്ഗാൻ ചീഫ് എക്സിക്യുട്ടീവും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഷ്റഫ് ഗനിയുടെ പ്രധാന എതിരാളിയുമായിരുന്ന അബ്ദുള്ള അബ്ദുള്ളയടക്കമുള്ള പ്രമുഖ രാഷ്ട്രീയനേതാക്കൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 1995-ൽ താലിബാനാണ് മസാരിയെ വധിച്ചത്. കഴിഞ്ഞ വർഷത്തെ മസാരി ചരമ വാർഷികത്തിലും ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു.

Read Also: പെഹ്‌ലുഹാൻ ആൾക്കൂട്ട ആക്രമണം; പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി

അമേരിക്ക-താലിബാൻ സമാധാന കരാറിന് ശേഷം കാബൂളിൽ ഉണ്ടാകുന്ന ആദ്യ ആക്രമണമാണിത്. 18 വർഷം നീണ്ട യുദ്ധത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 29നാണ് സമാധാന കരാറിൽ ഒപ്പിട്ടത്. കരാർ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായി പിന്മാറും എന്നായിരുന്നു തീരുമാനം. എന്നാൽ ദിവസങ്ങൾക്കകം താലിബാൻ കരാറിൽ നിന്ന് പിൻമാറി. തുടർന്ന് അഫ്ഗാൻ സൈനികർക്കെതിരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം അമേരിക്ക താലിബാനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു.

 

kabul attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here