അടിച്ചു തകർത്ത് ഓസ്ട്രേലിയ; ഇന്ത്യ വിയർക്കുന്നു

വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ കുതിക്കുന്നു. ഓപ്പണർമാരായ എലീസ ഹീലിയും ബെത്ത് മൂണിയും ചേർന്ന് ഗംഭീര തുടക്കമാണ് ഓസീസിനു നൽകിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 13 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റൺസാണ് നേടിയിരിക്കുന്നത്.
ദീപ്തി ശർമ്മ എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചാണ് ഓസ്ട്രേലിയ ആരംഭിച്ചത്. ആ ഓവറിൽ 14 റൺസാണ് ഓസീസ് അടിച്ചത്. 9 റൺസെടുത്ത് നിൽക്കെ എലീസ ഹീലിയെ ഷഫാലി വർമ്മ കൈവിട്ടു. പിന്നീട് ഇന്ത്യക്ക് അവസരമൊന്നും നൽകാതെ അടിച്ചു തകർത്ത ഹീലി അനായാസം ബൗണ്ടറികൾ കണ്ടെത്തി. ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യക്കായില്ല. മറുവശത്ത് ബെത്ത് മൂണി ഹീലിക്ക് ഉറച്ച പങ്കാളിയായി. 30 പന്തുകളിലാണ് ഹീലി അർധസെഞ്ചുറിയിൽ എത്തിയത്. മോശം പന്തുകൾ എറിയാൻ മത്സരിച്ച ഇന്ത്യൻ ബൗളർമാരും ഓസീസ് ഓപ്പണർമാരെ കൈ അയച്ച് സഹായിച്ചു.
ഒടുവിൽ രാധ യാദവാണ് 115 റൺസ് നീണ്ട ഈ റെക്കോർഡ് കൂട്ടുകെട്ട് തകർത്തത്. 12ആം ഓവറിൽ രാധയെ സിക്സറടിക്കാൻ ശ്രമിച്ച ഹീലിയെ വേദ കൃഷ്ണമൂർത്തി പിടികൂടി. വെറും 39 പന്തുകളിൽ 7 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 75 റൺസ് എടുത്താണ് ഹീലി മടങ്ങിയത്. നിലവിൽ 41 റൺസെടുത്ത ബെത്ത് മൂണിയും 5 റൺസെടുത്ത മെഗ് ലാനിംഗുമാണ് ക്രീസിൽ.
Story Highlights: Australia great start in womens world t-20 final against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here