കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ജനം ഇളകിയെത്തി; കുഴിമാന്തി പരിശോധിച്ചപ്പോൾ വെള്ളരിക്ക!

കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്ന് ഒരു നാട് മുൾമുനയിലായത് മണിക്കൂറുകൾ. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബർസ്ഥാനിലായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർഡിഒ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കണ്ടത് തുണിയിൽ പൊതിഞ്ഞ നിലയിൽ വെള്ളരിക്കയായിരുന്നു.
ഉമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് പരിശോധനയിലേക്ക് എത്തിയത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. തുടർന്ന് ഇയാൾ പള്ളി കമ്മിറ്റിയെ വിവരം അറിയിച്ചു.
കമ്മിറ്റി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിവരം അറിഞ്ഞ് നിരവധി പേർ ശ്മശാനത്തിലേക്ക് ഒഴുകിയെത്തി. കുഴി മാന്തി പരിശോധിച്ചപ്പോഴാണ് ചീഞ്ഞ നിലയിൽ വെള്ളരിക്ക കണ്ടത്. വെള്ളരിക്കയിൽ അറബി അക്ഷരത്തിൽ ചിലത് കുറിച്ചിരുന്നു. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.